'ജയസൂര്യയെ ഓപ്പണറാക്കിയിട്ട് സിംഗിള്‍ എടുക്കാന്‍ പറയുന്നതു പോലെ', ഹാര്‍ദ്ദിക്കിന് ലങ്കന്‍ ഇതിഹാസത്തിന്റെ പിന്തുണ

ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിറംമങ്ങിയ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ രൂക്ഷമായ വിമര്‍ശനത്തിന് ഇരയായിരുന്നു. ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ചിലര്‍ രംഗത്തുവന്നു. താരത്തിനെ ടി20 ലോക കപ്പില്‍ കളിപ്പിക്കരുതെന്ന് പറയുന്നവര്‍വരെയുണ്ട്. എന്നാല്‍ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ ഹാര്‍ദിക്കിന്റ പക്ഷത്താണ്. താനാണ് ക്യാപ്റ്റനെങ്കില്‍ ഹാര്‍ദിക്കിനെ ടീമില്‍ നിന്ന് ഒരു കാരണവശാലും ഒഴിവാക്കില്ലെന്ന് മുരളി പറയുന്നു.

“ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് സവിശേഷമാണ്. നിതീഷ് റാണയെപ്പോലെയോ സൂര്യകുമാര്‍ യാദവിനെപ്പോലെയോ ദീര്‍ഘനേരം ബാറ്റ് ചെയ്ത് റണ്‍സ് നേടുന്ന ഹാര്‍ദിക്കിനെ പ്രതീക്ഷിക്കാനാവില്ല. ബാറ്റിംഗില്‍ താഴത്തേക്കിറങ്ങി വമ്പനടികളിലൂടെ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്ന ജോലിയാണ് ഹാര്‍ദിക്കിന് ചേരുന്നത്. ചിലപ്പോള്‍ രണ്ട് ഓവറിനുള്ളില്‍ ഹാര്‍ദിക് പുറത്തായേക്കാം. എന്നാല്‍ 20-30 പന്ത് കളിച്ചാല്‍ അദ്ദേഹത്തിന് 50 റണ്‍സ് സ്‌കോര്‍ ചെയ്യാനാവും.”

“എഴുപത് പന്ത് കളിച്ച് 90 റണ്‍സ് നേടാന്‍ പ്രേരിപ്പിച്ചാല്‍ ആദ്യം പറഞ്ഞ തരത്തിലെ ബാറ്റ്സ്മാന്‍ ആകില്ല ഹാര്‍ദിക്. സനത് ജയസൂര്യയോട് ഓപ്പണ്‍ ചെയ്യാന്‍ പറഞ്ഞിട്ട് ബോളിനൊപ്പം റണ്‍സ് എടുത്ത് കളിക്കാന്‍ നിര്‍ദേശിക്കുന്നതുപോലയാവും അത്” മുരളി പറഞ്ഞു.

IND vs SL 2021: Hardik Pandya provides crucial update on his bowling fitness ahead of 3rd ODI

അസാധാരണ കളിക്കാരനാണ് ഹാര്‍ദിക്. ഞാനാണ് ക്യാപ്റ്റനെങ്കില്‍ ലോകത്തെ ഏതു ടീമിലും ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തും. അത് ഐപിഎല്‍ ടീമായാലും ശരി ഓസ്ട്രേലിയന്‍ ടീമായാലും ശരി. കാരണം ഹാര്‍ദിക്ക് 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാനും അതില്‍ മാറ്റംവരുത്തി സ്ലോ ബോളുകള്‍ പരീക്ഷിക്കാനും സാധിക്കും. പരിക്ക് കാരണമാണ് ഹാര്‍ദിക്കിന് ഇപ്പോള്‍ അധികമൊന്നും ചെയ്യാന്‍ കഴിയാത്തതെന്ന് കരുതുന്നതായും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.