രോഹിത് ഓപ്പണിംഗ് സ്ഥാനം ഒഴിയുന്നതാണ് ടീമിന് നല്ലത്; നിര്‍ദ്ദേശവുമായി പാക് താരം

ടി20 ഫോര്‍മാറ്റിലെ സമീപകാല മോശം പ്രകടനങ്ങള്‍ കണക്കിലെടുത്ത് ബാറ്റിംഗ് ഓര്‍ഡറില്‍ ഇന്ത്യ നായകന്‍ രോഹിത് ശര്‍മ്മ സ്വയം താഴേയ്ക്ക് ഇറങ്ങമെന്ന് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒമ്പത് പന്തില്‍ 11 റണ്‍സ് മാത്രമാണ് രോഹിത് പരാജയപ്പെട്ടതിന് പിന്നാലെയാണ് കനേരിയയുടെ പ്രതികരണം.

‘രോഹിത് ശര്‍മ്മ വേണ്ടത്ര റണ്‍സ് നേടുന്നില്ല. ഏഷ്യാ കപ്പിലും നമ്മള്‍ അത് കണ്ടു. അദ്ദേഹത്തിന് നല്ല തുടക്കങ്ങള്‍ ലഭിക്കുന്നു, പക്ഷേ അത് വലിയ സ്‌കോറാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. മൂന്നാം നമ്പറിലേക്ക് സ്വയം മാറുന്നത് അദ്ദേഹം പരിഗണിക്കണം. വിരാട് കോഹ്‌ലിക്ക് ഓപ്പണ്‍ ചെയ്യാന്‍ കഴിയും. അല്ലെങ്കില്‍ കെ.എല്‍. രാഹുലിനെ മൂന്നാം നമ്പറില്‍ ഇറക്കി വിരാടും രോഹിതും ഓപ്പണ്‍ ചെയ്യണം.

‘വിരാട് കോഹ്ലിക്ക് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ കാണികളില്‍ നിന്ന് വന്‍ കരഘോഷം ലഭിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന് രണ്ട് റണ്‍സ് മാത്രമേ നേടാനായുള്ളൂ. അദ്ദേഹത്തിന് ആ ഘട്ടത്തില്‍ ആ ഷോട്ട് കളിക്കേണ്ട ആവശ്യമില്ലായിരുന്നു. ഷോട്ട് കളിക്കുന്നതിന് മുമ്പ് ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ അയാള്‍ നോക്കേണ്ടതായിരുന്നു’ കനേരിയ പറഞ്ഞു.

ആദ്യ മത്സരത്തില്‍ ഇന്ത്യയെ നാലു വിക്കറ്റിനാണ് ഓസ്ട്രേലിയ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ ആറു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ് എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിന് ജയമൊരുക്കിയത്.