ലോക കപ്പ് ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരാശയുണ്ട്; തുറന്നു പറഞ്ഞ് സഞ്ജു

ഈ വര്‍ഷം യു.എ.ഇയില്‍ നടക്കാനിരിക്കുന്ന ടി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതിലുള്ള നിരാശ പരസ്യമാക്കി സഞ്ജു സാംസണ്‍. ടീമിലിടം നേടാന്‍ സാധിക്കാതെ പോയത് നിരാശാജനകമാണെന്നും തിരഞ്ഞെടുപ്പ് ഒരു കളിക്കാരന്റെ നിയന്ത്രണത്തിലല്ലെന്നും സഞ്ജു പറഞ്ഞു.

‘ടി 20 ലോക കപ്പിനുള്ള ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇനി അത് ശ്രദ്ധ വ്യതിചലിപ്പിക്കില്ല. ഇപ്പോള്‍ എന്റെ എല്ലാ ശ്രദ്ധയും ഐപിഎല്ലിലാണ്. ടീമിലിടം നേടാനാകാതെ പോയത് വളരെ നിരാശാജനകം തന്നെയാണ്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതും ലോക കപ്പില്‍ കളിക്കുന്നതും എല്ലാ കളിക്കാര്‍ക്കും ഒരു വലിയ സ്വപ്നമാണ്. ഞാന്‍ അത് വളരെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുക്കല്‍ ഒരു കളിക്കാരന്റെ നിയന്ത്രണത്തിലുള്ളതല്ല’ സഞ്ജു പറഞ്ഞു.

Read more

ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകാതെ വന്നതാണ് സഞ്ജുവിന് തിരിച്ചടിയായത്. ഐ.പി.എല്ലായിരുന്നു മറ്റൊരു പിടിവള്ളിയെങ്കിലും ടൂര്‍ണമെന്റിന്റെ രണ്ടാം പാദത്തിന് മുമ്പേ ടീം പ്രഖ്യാപനം വന്നത് നിര്‍ഭാഗ്യമായി. ഇഷാന്‍ കിഷനാണ് സഞ്ജുവിന്റെ സ്ഥാനത്ത് നറുക്കു വീണത്.