നല്ല താരം ആണെന്നുള്ളത് ശരി തന്നെ, കള്ളത്തരം കാണിച്ചാൽ പണി പാളും; ബാബറിന് അമ്പയർ വക പണി

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിനിടെ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന്റെ പിഴവിൽ പാകിസ്ഥാന് 5 പെനാൽറ്റി റൺസ് നഷ്ടമായി. ഫീൽഡിംഗ് സമയത്ത്, ബാബർ ഒരു കൈയിൽ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ധരിച്ചിരുന്നു, അത് നിയമപ്രകാരം നിയമവിരുദ്ധമാണ്.

മുളട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസ് ഇന്നിങ്സിനിടെയാണ് സംഭവം നടന്നത്. സ്‌പിന്നർ മുഹമ്മദ് നവാസ് എറിഞ്ഞ 29-ാം ഓവറിൽ, അൻസാരി ജോസഫിന്റെ ഒരു ഷോട്ട് തടയുന്ന ബാബർ വലതു കൈയിൽ ഗ്ലൗസ് ധരിച്ചിരുന്നു, അമ്പയർ അത് നിയമവിരുദ്ധ ഫീൽഡിംഗായി കണക്കാക്കി 5 പെനാൽറ്റി റൺസ് പാകിസ്ഥാന് നഷ്ടമായി.

സംരക്ഷണ ഉപകരണങ്ങൾ സംബന്ധിച്ച നിയമം 28.1 അനുസരിച്ച്: വിക്കറ്റ് കീപ്പർ ഒഴികെയുള്ള ഒരു ഫീൽഡറെയും കയ്യുറകളോ ബാഹ്യ ലെഗ് ഗാർഡുകളോ ധരിക്കാൻ അനുവദിക്കില്ല. കൂടാതെ, അമ്പയർമാരുടെ സമ്മതത്തോടെ മാത്രമേ കൈയ്‌ക്കോ വിരലുകൾക്കോ ​​സംരക്ഷണം നൽകാവൂ.

5 പെനാൽറ്റി റൺസ് കിട്ടിയിട്ടും തോൽവി ഭാരം ഒഴിവാക്കാൻ കരീബിയൻ ടീമിനായില്ല. 120 റൺസിന്റെ വമ്പൻ തോൽവിയാണ് ടീം ഏറ്റുവാങ്ങിയത്. അതിനാൽ പെനാൽറ്റി റൺസുകൊണ്ട് നഷ്ടം ഒന്നും ഉണ്ടായില്ല.

എന്തായാലൂം സ്വപ്നതുല്യമായ ഫോമിലൂടെ പോകുന്ന ബാബറിന് ഒരു തിരിച്ചടിയായി ഈ സംഭവം.