കറുത്ത ആകാശങ്ങളെ കീറി മുറിച്ചുകൊണ്ട് നിന്റെ വില്ലോയില്‍ നിന്നും പാഞ്ഞുപോയ ആ വെള്ള പന്തുകള്‍ക്ക്, പാരിസ് രാജാവിന്റെ നെഞ്ച് പിളര്‍ന്ന ഫിലോടെക്‌റ്റെസിന്റെ ശരങ്ങളുടെ ശൗര്യതയുണ്ടായിരുന്നു..

‘ It is only because of him, I am holding this cup.’ തനിക്ക് ലഭിച്ച പ്ലയെര്‍ ഓഫ് ദി സീരീസ് അവാര്‍ഡ്, യുവരാജ് സിങ്ങുമായി പങ്ക് വെച്ചുകൊണ്ട് സച്ചിന്‍ ഒരിക്കല്‍ പറഞ്ഞതാണ്. പച്ചപ്പുല്‍ മൈതാനത്ത്, പലര്‍ ചേര്‍ന്ന് വരയ്ക്കുന്ന ഒരു മനോഹര പെയിന്റിംങ്ങാണ് ക്രിക്കറ്റ് എന്ന ഗെയിം. സച്ചിന്‍ വരച്ചു തുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പറ്റിയ ഒരു ചിത്രകാരന്റെ അഭാവമായിരുന്നു തൊണ്ണൂറുകളില്‍ ടീം ഇന്ത്യയുടെ ക്യാന്‍വാസ് പലപ്പോഴും അപൂര്‍ണ്ണമാക്കിമാറ്റിയത്.

ആ അപൂര്‍ണ്ണതയ്ക്ക് ഒരു പൂര്‍ണ്ണവിരാമമിട്ടത്, ഇന്നേക്ക് ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെനിയയിലെ നയ്‌റോബിയില്‍, ഓസ്‌ട്രേലിയയുടെ ഇയാന്‍ ഹാര്‍വയെ സ്‌ട്രൈറ്റ് ഡൌണ്‍ ദി വിക്കറ്റ് ഡ്രൈവ് ചെയ്ത് ബൗണ്ടറി കടത്തി അരങ്ങേറ്റം കുറിച്ച ആ പത്തൊമ്പത് വയസുകാരനായിരുന്നു.

പിന്നീട്ടിങ്ങോട്ട് ടീം ഇന്ത്യയുടെ ക്യാന്‍വാസുകള്‍ വര്‍ണ്ണശബളമാക്കിമാറ്റിയത്, ഒരു മൈക്കിളാഞ്ചലോയിയന്‍ നൈപുണ്യതയോടെ അയാള്‍ വരച്ചു പൂര്‍ത്തീകരിച്ച ചിത്രങ്ങളായിരുന്നു.
പ്രീയപ്പെട്ട യുവി.. കറുത്ത ആകാശങ്ങളെ കീറി മുറിച്ചുകൊണ്ട് നിന്റെ വില്ലോയില്‍ നിന്നും പാഞ്ഞുപോയ ആ വെള്ള പന്തുകള്‍ക്ക്, പാരിസ് രാജാവിന്റെ നെഞ്ച് പിളര്‍ന്ന ഫിലോടെക്‌റ്റെസിന്റെ ശരങ്ങളുടെ ശൗര്യതയുണ്ടായിരുന്നു..

വെയ്‌റുവാ താഴ്വാരത്ത് പൂത്തുലഞ്ഞു നില്‍ക്കുന്ന ഒലിവ് പൂക്കളുടെ രമ്യതയുണ്ടായിരുന്നു.. വായിക്കുംതോറും, വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരണനല്‍കുന്ന ഷേക്‌സ്പീരിയന്‍ സോനറ്റുകളുടെ വശ്യതയുണ്ടായിരുന്നു.. ‘Remember, there is no indispensable Man’,’ഓര്‍ക്കുക, ഈ ലോകത്ത് ഒഴിവാക്കാനാവത്തവനായി ഒരു മനുഷ്യനുമ്മില്ല, എന്നാണ് സക്‌സണ്‍ വൈറ്റ് കേസ്സിങ്ങര്‍ എഴുതിയത്.

But still, this man is indispensable.. Indispensable in Indian white ball Cricket… ഇന്നും പകരക്കാനില്ലാത്ത indispensable man. Happy Birthday Yuvi and Thanks for the memories legend…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍