ഇഷാന്‍ എന്നാല്‍ പൂവല്ല, ഫയര്‍; ഏഷ്യാ കപ്പില്‍ ഇടമില്ലാത്തതില്‍ പ്രതികരിച്ച് താരം

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായി. രോഹിത് ശര്‍മ നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ്ലിയും കെഎല്‍ രാഹുലും മടങ്ങിയെത്തിയാണ് ഹൈലൈറ്റ്. എന്നാല്‍ ജസ്പ്രീത് ബുംറ. മുഹമ്മദ് ഷമി എന്നിവരുടെ അസാന്നിധ്യം കൊണ്ടും ടീം സെലക്ഷന്‍ ശ്രദ്ധേയമായിരിക്കുകയാണ്.

മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്കും സ്‌ക്വാര്‍ഡില്‍ സ്ഥാനമില്ല. ഇതില്‍ സഞ്ജുവിന്റെയും ഇഷാന്‍ കിഷന്റെയും അഭാവം ക്രിക്കറ്റ് പ്രേമികളെ ആശങ്കാകുലയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ടീം സെലക്ഷനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായി കഴിഞ്ഞു.

ടീമില്‍ ഇടംലഭിക്കാത്തതിന് പിന്നാലെ ഇഷാന്‍ കിഷന്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ശ്രദ്ധ നേടിയിരിക്കുകയാണ്. ‘ബെല്ല – ഹംബിള്‍ പൊയറ്റ്’ എന്ന റാപ്പ് ഗാനത്തില്‍ നിന്നുള്ള കുറച്ച് വരികളാണ് താരം തന്റെ ചിത്രത്തിനൊപ്പം പങ്കുവെച്ചത്.

A screenshot of Ishan Kishan’s Insta story.

പൂവായാണ് നിങ്ങളെ ആരെങ്കിലും പരിഗണിക്കുന്നത് എങ്കില്‍ തീയായി മാറുക. നിങ്ങളെ വേദനിപ്പിക്കുന്നത് സംഭവിച്ചാലും നിങ്ങള്‍ നിങ്ങളായി തന്നെ തുടരുക. ആരെങ്കിലും നിങ്ങളെ പൂവിനെ പോലെയാണ് പരിഗണിക്കുന്നതെങ്കില്‍ തീയായി മാറുക എന്നാണ് ഈ വരികള്‍ പറയുന്നത്.

ടീം ഇന്ത്യയുടെ സമീപകാല പര്യടനങ്ങളില്‍ ഇംഗ്ലണ്ടിനും വെസ്റ്റിന്‍ഡീസിനുമെതിരെ ഒരോ ടി20യില്‍ മാത്രമാണ് കിഷന്‍ കളിച്ചത്. യഥാക്രമം 8 ഉം 11 ഉം റണ്‍സാണ് താരത്തിന് ആ മത്സരങ്ങളില്‍ നേടാനായത്.

ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ ദുബായിലും ഷാര്‍ജയിലുമായാണു ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുന്നത്. 28 ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹര്‍.