ധോണിയെ കിവീസ് ടീമിലേക്ക് ക്ഷണിച്ച് വില്യംസണ്‍

അവസാന ലോക കപ്പ് കളിക്കുന്ന മുതിര്‍ന്ന ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയെ ന്യൂസിലന്‍ഡ് ടീമിലേക്ക് ക്ഷണിച്ച് നായകന്‍ കെയ്ന്‍ വില്യംസണ്‍. സെമിയില്‍ ഇന്ത്യയെ തോല്‍പിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വില്യംസണ്‍ തമാശയായി ന്യൂസിലന്‍ഡ് ടീമിലേക്ക് ക്ഷണിച്ചത്.

നിങ്ങളായിരുന്നു ഇന്ത്യന്‍ നായകനെങ്കില്‍ ധോണിയെ ടീമിലെടുക്കുമോ എന്നായിരുന്നു വില്യംസനോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഇതിന് മറുപടിയായാണ്  വില്യംസണ്‍ ചിരിച്ച് കൊണ്ട് രാജ്യം മാറാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ധോണിയെ ടീമിലെടുക്കാമെന്ന് പറഞ്ഞത്.

‘തീര്‍ച്ചയായും ധോണിയെ ഞാന്‍ ടീമിലെടുക്കും, അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത്, പ്രത്യേകിച്ച് ഇതുപോലുള്ള സാഹചര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്’ വില്യംസണ്‍ പറഞ്ഞു.

ടൂര്‍ണമെന്റിലുടനീളം അദ്ദേഹത്തിന്റെ സംഭാവനകള്‍ നിര്‍ണായകമായിരുന്നു, ഈ കളിയില്‍ ജഡേജയുമൊത്തുള്ള കൂട്ടുകെട്ട് വളരെ പ്രധാനപ്പെട്ടതായിരുന്നു, അദ്ദേഹം രാജ്യം മാറാന്‍ ആലോചിക്കുന്നുണ്ടോ, എങ്കില്‍ ഞങ്ങള്‍ സെലക്ഷനെ കുറിച്ച് ആലോചിക്കാം എന്ന വില്യസന്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ 18 റണ്‍സിനാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പിച്ചത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 221 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാകുകയായിരുന്നു.