ഇര്‍ഫാന്‍ പത്താന്റെ ഐപിഎല്‍ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഇത്തവണയും സെലക്ടര്‍മാര്‍ കനിഞ്ഞില്ല

ഈ മാസം ഏഴിന് രാജ്‌കോട്ടില്‍ ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള ബറോഡ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഇര്‍ഫാന്‍ പത്താനെ വീണ്ടും തഴഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന രഞ്ജി ട്രോഫി ടീമിലും ഭേദപ്പെട്ട പ്രകടനം നടത്തിയ ഓള്‍റൗണ്ടര്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.

കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച പത്താനെ ഇത്തവണ ഫോമില്ലായ്മ പറഞ്ഞാണ് തഴഞ്ഞിരിക്കുന്നതെന്നാണ് സൂചന. ഈ ടൂര്‍ണമെന്റില്‍ കൂടി പരിഗണിക്കാതിരുന്നതോടെ താരത്തിന്റെ ഐപിഎല്‍ ഭാവിക്ക് അനിശ്ചിതത്വത്തിലാകും. കഴിവു തെളിയിക്കാന്‍ സാധിക്കാതിരുന്നാല്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ടീമിലെടുക്കാനുള്ള സാധ്യത കുറവാണ്. മാത്രവുമല്ല, യുവതാരങ്ങള്‍ക്കാകും കൂടുതല്‍ പരിഗണന നല്‍കുന്നത് എന്നതും താര്തതിന്റെ ഐപിഎല്‍ ഭാവി തുലാസിലാക്കുന്നു.

മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ കഴിവു തെളിയിച്ചാല്‍ വീണ്ടും ഐപിഎല്ലിലേക്ക് താരത്തിന് തിരിച്ചുവരാന്‍ അവസരമുണ്ടാകുമായിരുന്നു. അതേസമയം, സെലക്ടര്‍മാരുടെ കണ്ണില്‍പെടാന്‍ ഇര്‍ഫാന് സാധിച്ചില്ല. ഈ മാസം 27നും 28നുമാണ് ഐപിഎല്‍ താരലേലം.