വലിയൊരു കുറ്റബോധം വേട്ടയാടുന്നു, തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിയ്ക്കുമ്പോള്‍ വലിയൊരു കുറ്റബോധം തന്നെ വേട്ടയാടുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരംഇര്‍ഫാന്‍ പത്താന്‍ പലരും അന്താരാഷ്ട്ര കരിയര്‍ തുടങ്ങുന്ന പ്രായത്തില്‍ വിരമിക്കേണ്ടി വരുന്നത് സങ്കടകരമാണെന്ന് പത്താന്‍ പറഞ്ഞു.

ഇന്ത്യയുടെ മുന്‍ നായകന്‍മാരായ സൗരവ് ഗാംഗുലിക്കും രാഹുല്‍ ദ്രാവിഡിനും പത്താന്‍ പ്രത്യേകം നന്ദി പറഞ്ഞു. മറ്റുള്ള ടീമുകള്‍ക്ക് മുന്‍പില്‍ നമ്മള്‍ ഒന്നുമല്ല എന്ന ചിന്ത മാറ്റിയെടുക്കണമെന്നും ജയിക്കാന്‍ പോരാടണമെന്നും തങ്ങളെ പഠിപ്പിച്ചത് ഗാംഗുലിയാണെന്ന് പത്താന്‍ പറഞ്ഞു.

സ്വിങ് ബോളിങ്ങിന്റെ മാന്ത്രികതയുമായി ഇന്ത്യന്‍ ക്രിക്കറ്റിനെ വിസ്മയിപ്പിച്ച ഇര്‍ഫാന്‍ പഠാന്‍ വിരമിച്ചു. ഏഴു വര്‍ഷം മുന്‍പാണ് ഒരു രാജ്യാന്തര മല്‍സരം കളിച്ചതെങ്കിലും പഠാന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത് കഴിഞ്ഞ ദിവസമാണ്.

2007 ല്‍ പ്രഥമ ട്വന്റി20 ലോകകപ്പ് ഇന്ത്യ ഉയര്‍ത്തുമ്പോള്‍ കലാശക്കളിയില്‍ മാന്‍ ഓഫ് ദ് മാച്ച് പത്താനായിരുന്നു. ഫൈനലില്‍ പാക്കിസ്ഥാനെതിരെ 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പഠാന്റെ പ്രകടനം ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായകമായി.

രാജ്യത്തിനു വേണ്ടി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി 20 മല്‍സരങ്ങളും കളിച്ചു.ആകെ 301 രാജ്യാന്തര വിക്കറ്റുകള്‍ കൊയ്തു. 2003 ല്‍ ഓസ്‌ട്രേലിയക്കെതിരെ അഡലെയ്ഡ് ടെസ്റ്റില്‍ അരങ്ങേറുമ്പോള്‍ പത്താനു പ്രായം 19 മാത്രം.