നെഞ്ച് പിടയ്ക്കുന്നു, ഇനി അവനില്ലാത്ത ക്രിക്കറ്റ്, വികാരഭരിതനായി യൂസഫ്

ഇന്ത്യന്‍ ക്രിക്കറ്റിനെ പിന്തുടരുന്നവര്‍ക്ക് അത്രയെളുപ്പത്തില്‍ മറന്ന കളയാന്‍ കഴിയുന്ന പേരുകളല്ല സഹോദരങ്ങളായ ഇര്‍ഫാന്‍ പത്താന്റേയും യൂസഫ് പത്താന്റേയും. രാജ്യത്തിന് വേണ്ടി അത്രയധികം മത്സരങ്ങളൊന്നും കളിച്ചിട്ടില്ലെങ്കിലും ഇരുവരും വളരെ പെട്ടെന്നാണ് കായക പ്രേമികളുടെ ഹൃദയത്തില്‍ ചേക്കേറിയത്.

ഇപ്പോഴിതാ ഇര്‍ഫാന്‍ പത്താന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരിക്കുന്നു. ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായി ഏഴ് വര്‍ഷത്തിനിപ്പുറമാണ് ഇര്‍ഫാന്റെ വിരമിക്കല്‍. സഹോദരന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന വാര്‍ത്ത തന്നെ വിഷമിപ്പിച്ചതായി യൂസഫ് പത്താന്‍ പറയുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇര്‍ഫാന്‍ അതേകുറിച്ച് സംസാരിക്കാറുണ്ടെന്നും ഉടന്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് തനിക്ക് അറിയാമായിരുന്നു എന്നും യൂസഫ് പത്താന്‍ പറഞ്ഞു. ക്രിക്കറ്റില്‍ തന്നെ അറിയപ്പെടുന്നവനാക്കിയത് ഇര്‍ഫാന്‍ പത്താന്‍ ആണെന്ന് യൂസഫ് പത്താന്‍ കൂട്ടിചേര്‍ത്തു.

“ഇര്‍ഫാന്‍ പത്താന്റെ സഹോദരന്‍ എന്ന നിലയിലാണ് എല്ലാവരും എന്നെ സ്വീകരിച്ചതും അംഗീകരിച്ചതും. ഞാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ എല്ലാവരും എന്നെ അറിയാന്‍ തുടങ്ങി. ഇര്‍ഫാന്‍ പത്താന്റെ സഹോദരന്‍ എന്ന നിലയിലാണ് എനിക്ക് ഇത്രയും സ്വീകാര്യത ലഭിച്ചത്”” യൂസഫ് പത്താന്‍ പറഞ്ഞു.

“ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് ഇര്‍ഫാന്‍ വിരമിക്കുന്നത്. ഞങ്ങളുടെ ജീവിതം തന്നെ അതിനു തെളിവാണ്. ഇപ്പോള്‍ ഞങ്ങള്‍ വലിയൊരു വീട്ടിലാണ് താമസിക്കുന്നത്. പക്ഷേ, പണ്ട് ചെറിയ ഒരു വീട്ടിലാണ് താമസിച്ചിരുന്നു. ക്രിക്കറ്റിലൂടെയാണ് ഇതെല്ലാം നേടിയത്. പഴയ വീട്ടിലേക്ക് ഞങ്ങള്‍ ഇടയ്ക്കെ പോകാറുണ്ട്. പഴയ ഓര്‍മ്മകളിലേക്ക് പോകാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്”” യൂസഫ് പറഞ്ഞു.

“ക്രിക്കറ്റില്‍ അറിപ്പെടുന്ന ഒരു ഫാസ്റ്റ് ബോളര്‍ ആകണമെന്നായിരുന്നു ഇര്‍ഫാന്‍ പത്താന്റെ ആഗ്രഹം. വസീം അക്രത്തിന്റെ വലിയൊരു ആരാധകന്‍ ആയിരുന്നു ഇര്‍ഫാന്‍. അദ്ദേഹത്തെ പോലെ ബോളിംഗ് ആക്ഷന്‍ വേണമെന്ന് അവന്‍ ആഗ്രഹിച്ചിരുന്നു. അക്രം ബോള്‍ ചെയ്യുന്ന ഒരു പോസ്റ്റര്‍ വീട്ടില്‍ പതിച്ചിരുന്നു. ക്രിക്കറ്റില്‍ നിന്ന് നേടാന്‍ സാധിക്കുന്നതെല്ലാം അവന്‍ നേടിയിട്ടുണ്ട്. 2006- ല്‍ കറാച്ചിയില്‍ വെച്ച് പാകിസ്ഥാനെതിരെ നേടിയ ഹാട്രിക് ആണ് ഇര്‍ഫാന്റെ മറ്റ് ഏത് നേട്ടത്തെക്കാളും വലുത്. ഇന്ത്യയ്ക്കു വേണ്ടി ഇര്‍ഫാന്‍ പത്താന്‍ ഇനിയും കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. പക്ഷേ, ഇതുവരെ നേടിയ എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ സന്തുഷ്ടരാണ്, ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.”” യൂസഫ് പറഞ്ഞു.