'കലാപം' പടരുന്നു?; മറ്റൊരു ആവശ്യവുമായി കോഹ്ലിയും ധോണിയും

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വേതനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നായകന്‍ വിരാട് കോഹ്ലിയും എംഎസ് ധോണിയും രംഗത്ത്. വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ ചേരുന്ന ബി.സി.സി.ഐ. യോഗത്തില്‍ കോഹ്ലിയും ധോണിയും ഇക്കാര്യം ആവശ്യപ്പെടുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിസിഐ ഭരണ സമിതി തലവന്‍ വിനോദ് റായേയും ക്രിക്കറ്റ് താരങ്ങള്‍ കാണുന്നുണ്ട്.

കോഹ്ലി ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ക്ക് വേതനം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ടെലിവിഷന്‍ സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയും സ്റ്റാര്‍ ഗ്രൂപ്പും തമ്മില്‍ ഭീമമായ തുകക്ക് കരാറായിരുന്നു. 250 കോടി ഡോളറാണ് ഇതുവഴി ബോര്‍ഡിനു ലഭിക്കുക.

ക്രിക്കറ്റ് വിറ്റ് ബി.സി.സി.ഐ. സാമ്പത്തിക നേട്ടം കൊയ്യുമ്പോള്‍ അതിന്റെ നേട്ടം താരങ്ങള്‍ക്കു കൂടി ലഭിക്കണമെന്നാണ് ഇന്ത്യന്‍ താരങ്ങളുടെ ആവശ്യം. ബി.സി.സി.ഐയുമായുള്ള താരങ്ങളുടെ കരാര്‍ സെപ്റ്റംബര്‍ 30 ന് അവസാനിച്ചിരുന്നു.

വെള്ളിയാഴ്ച ഡല്‍ഹിയില്‍ താരങ്ങളും ബോര്‍ഡ് വൃത്തങ്ങളും കരാര്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യും.

നേരത്തെ വിശ്രമം ആവശ്യപ്പെട്ടും കോഹ്ലിയും ധോണിയും രംഗത്ത് വന്നിരുന്നു. തങ്ങള്‍ അടിമകളെ പോലെ പണിയെടുക്കാന്‍ റോബോര്‍ട്ടുകളല്ലെന്നാണ് ക്രിക്കറ്റ് താരങ്ങള്‍ പരസ്യമായി അന്ന് പറഞ്ഞത്. തുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ നിന്ന് കോഹ്ലിയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.