റെയ്‌നയെ എന്തുകൊണ്ട് ആരും വാങ്ങിയില്ല?; കാരണം ഇതാണ്

ഐപിഎല്‍ മെഗാലേലത്തില്‍ സുരേഷ് റെയ്‌നയെ ഒരു ടീമും വാങ്ങാത്തതില്‍ പ്രതികരണവുമായി രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ കുമാര്‍ സംഗക്കാര. യുവതാരങ്ങള്‍ക്ക അധിക പരിഗണന നല്‍കാന്‍ ടീമുകള്‍ തീരുമാനിച്ചതാണ് റെയ്‌നയ്ക്ക് തിരിച്ചടിയായതെന്നും ആരും വാങ്ങാത്തതുകൊണ്ട് അദ്ദേഹം മോശം പ്ലെയറാണെന്ന് അര്‍ത്ഥമില്ലെന്നും സംഗക്കാര പറഞ്ഞു.

‘സുരേഷ് റെയ്നയുടെ കാര്യത്തില്‍, ഐപിഎല്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ പ്രശസ്തി അവിശ്വസനീയമാണ്. അവന്‍ ഒരു ഇതിഹാസമാണ്, എല്ലാ സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മുന്‍നിര ബാറ്റര്‍മാരിലൊരാള്‍. എന്നാല്‍, ഓരോ സീസണിനും അനുസരിച്ചായിരിക്കും ടീമുകള്‍ കളിക്കാരെ തെരഞ്ഞെടുക്കുക. കളിക്കാരുടെ മുന്‍ പ്രകടനങ്ങളും മറ്റു കാര്യങ്ങളും ലേലത്തില്‍ പരിഗണനയ്ക്ക് വന്നേക്കും. യുവ കളിക്കാര്‍ക്ക് നല്‍കുന്ന പ്രാധാന്യവും റെയ്‌നയെ തഴയാന്‍ കാരണമായി’ സംഗക്കാര വിലയിരുത്തി.

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലുള്ള സുരേഷ് റെയ്ന മെഗാലേലത്തില്‍ അണ്‍സോള്‍ഡായി പോയതിന്റെ നിരാശ ആരാധകര്‍ക്ക് ഇപ്പോഴും തീര്‍ന്നിട്ടില്ല. ഐപിഎല്ലില്‍ 5529 റണ്‍സ് പേരിലുള്ള റെയ്നയെ സ്വന്തം ടീം പോലെയായി മാറിയ ചെന്നൈ സൂപ്പര്‍കിംഗ്സ് പോലും തിരിച്ചുപിടിക്കാന്‍ ഒരു ശ്രമവും നടത്തിയുമില്ല.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇതിഹാസതാരങ്ങളില്‍ ഒരാളായിട്ടാണ് റെയ്നയെ പരിഗണിക്കുന്നത്. ആരാധകര്‍ മിസ്റ്റര്‍ ഐപിഎല്‍ എന്നാണ് റെയ്നയെ വിളിക്കുന്നത് തന്നെ. 38 അര്‍ദ്ധ സെഞ്ച്വറിയും രണ്ടു സെഞ്ച്വറികളും പേരിലുള്ള താരം വിരാട്കോഹ്ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ എന്നിവരുടെ നേട്ടത്തിനൊപ്പമാണ്. ഇത്തവണ ഐപിഎല്ലില്‍ താരം അണ്‍സോള്‍ഡായി പോവുകയായിരുന്നു. പരിക്കേറ്റും അല്ലാതെയും ഐപിഎല്ലില്‍ നിന്നും പിന്മാറിയ താരങ്ങളുടെ പകരക്കാരനായി താരം വരുമെന്നും ആരാധകര്‍ കൊതിച്ചിരുന്നു.