മോറിസ് എറിയുന്ന ഒരു ബോളിന്റെ വിലയാണ് മറ്റ് ലീഗുകളിലെ കളിക്കാരന്റെ ആകെ പ്രതിഫലം; റമീസ് രാജയ്ക്ക് മറുപടിയുമായി ചോപ്ര

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മാറ്റം കൊണ്ടുവന്നു കഴിഞ്ഞാല്‍ ഐപിഎല്ലിലേക്ക് ആരും കളിക്കാന്‍ പോകില്ലെന്ന റമീസ് രാജയുടെ പരാമര്‍ശത്തിന് മറുപടി നല്‍കി ആകാശ് ചോപ്ര. ക്രിസ് മോറിസിന്റെ ഒരു ഡെലിവറിയുടെ വിലയുടെ അത്രയേയുള്ളു മറ്റ് ലീഗുകളിലെ കളിക്കാരുടെ ആകെ പ്രതിഫലമെന്ന് ആകാശ് ചോപ്ര തുറന്നടിച്ചു.

‘ഡ്രാഫ്റ്റിന് പകരം ലേലം നടത്തിയാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പിഎസ്എല്ലില്‍ 16 കോടിക്ക് ഒരു താരം കളിക്കുന്നത് കാണാന്‍ കഴിയില്ല. അങ്ങനെയൊന്ന് സംഭവിക്കില്ല. കഴിഞ്ഞ സീസണില്‍ ഒരു ഡെലിവറിക്കുള്ള പ്രതിഫലം മറ്റ് ലീഗുകളിലെ കളിക്കാരുടെ ആകെ പ്രതിഫലത്തേക്കാള്‍ കൂടുതലാണ്’ ആകാശ് ചോപ്ര പറഞ്ഞു.

നിലവിലെ ഡ്രാഫ്റ്റ് സിസ്റ്റത്തില്‍ നിന്നു മാറി കളിക്കാരെ ടീമിലെത്തിക്കാന്‍ ഐപിഎല്‍ മാതൃകയില്‍ താരലേലം നടത്തുന്നതിനാണ് മാറ്റങ്ങളുടെ പട്ടികയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഥമ പരിഗണന നല്‍കുക. പിഎസ്എല്‍ പണമെറിയുന്ന ലീഗായി മാറുന്നതോടെ, ഈ ലീഗിനെ തഴഞ്ഞ് ആരാണ് ഐപിഎല്ലിനായി പോകുന്നതെന്ന് കാണാമെന്നായിരുന്നു റമീസ് രാജയുടെ വെല്ലുവിളി.

താരലേലം പോലെയുള്ള മാറ്റങ്ങള്‍ നടപ്പാക്കുന്നതോടെ പിഎസ്എല്‍ സാമ്പത്തികമായി വളരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എല്ലാം പ്രതീക്ഷയ്ക്കൊത്ത് നടന്നാല്‍, അധികം വൈകാതെ ഐപിഎല്ലിനു ഭീഷണി ഉയര്‍ത്തുന്ന ലീഗായി പിഎസ്എല്‍ മാറുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.