കോവിഡ് : ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ മാത്രമായി ഒതുങ്ങിയേക്കും

കോവിഡ് ഭീഷണിയില്‍ കുരുങ്ങിയിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ മാത്രമായി ഒതുങ്ങിയേക്കാന്‍ സാധ്യത. ഐ.പി.എല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയിലെ സ്‌റ്റേഡിയങ്ങളില്‍ മാത്രമായി ചുരുക്കുന്ന കാര്യം പരിഗണിക്കുകയാണ് ബിസിസിഐ. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാവുകയും ചെയ്താല്‍ ‘പ്ലാന്‍ ബി’ ആയിട്ടാണ് ബിസിസിഐ ഇക്കാര്യം പരിഗണിക്കുന്നത്.

കാണികളെ ഉള്‍പ്പെടുത്താതെയുള്ള മത്സരങ്ങളായതിനാല്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാന്‍ പ്രയാസമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്യങ്ങള്‍ ഈ വിധത്തിലായാല്‍ മുംബൈ വാങ്കഡേ, ബ്രാബോണ്‍, ഡിവൈ പാട്ടീല്‍ , മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ എന്നിങ്ങനെയുള്ള സ്റ്റേഡിയങ്ങളിലേക്ക് കളിയെത്തും.

സ്റ്റേഡിങ്ങളുടെ ലഭ്യത സംബന്ധിച്ച് ബിസിസിഐ സി.ഇ.ഒ ഹേമങ് അമിന്‍ കഴിഞ്ഞ ദിവസം മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് വിജയ പാട്ടീലുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ട് അദ്ദേഹത്തിന്റെ അഭിപ്രായം തേടി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹേമങ് അമിനും വിജയ് പാട്ടീലും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കാണുമെന്നാണ് സൂചന. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ മാറ്റിവെച്ചതായി ജനുവരി അഞ്ചിന് ബിസിസഐ അറിയിച്ചിരുന്നു.

ഐപിഎല്‍ താരങ്ങളെയും അനുബന്ധ പ്രവര്‍ത്തകരെയും സ്ഥിരമായി കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടെങ്കിലും ചില മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കായിക മത്സരങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.