ഐ.പി.എല്‍ സംപ്രേഷണം പാകിസ്ഥാന്‍ നിരോധിച്ചേക്കും; വെട്ടിലായി ബി.സി.സി.ഐ

പുല്‍വാമ തീവ്രവാദിയാക്രമണത്തിന് ശേഷം ബന്ധം വഷളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. ഈ മാസം 23ന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) സംപ്രേഷണം പാകിസ്ഥാന്‍ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയ്ക്ക് പിന്നില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് പ്രേമികളുള്ള രാജ്യങ്ങളിലൊന്നായ പാകിസ്ഥാന്‍ ഐപിഎല്‍ സംപ്രേഷണം നിരോധിച്ചാല്‍ ബിസിസിഐക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകള്‍.

പാക്കിസ്ഥാനിലെ പ്രശ്‌സത ക്രിക്കറ്റ് ജേര്‍ണലിസ്റ്റ് സാജ് സാദിഖാണ് ഇതുമായി ബന്ധപ്പെട്ട വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ടെലിവിഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ സര്‍ക്കാര്‍ ഐ.പി.എല്‍ മത്സരങ്ങളുടെ പ്രദര്‍ശനം രാജ്യത്ത് നിരോധിക്കാന്‍ തീരുമാനിച്ചിട്ടിട്ടുണ്ട്. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

നേരത്തെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗുമായുള്ള കരാര്‍ ഐ.എം.ജി റിലയന്‍സ് അവസാനിപ്പിച്ചിരുന്നു. പി.എസ്.എല്ലിന്റെ ലോകവ്യാപകമായ ടെലിവിഷന്‍ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട കരാറായിരുന്നു റിലയന്‍സ് റദ്ദാക്കിയത്. ഡി സ്‌പോര്‍ട് ചാനല്‍ പി.എസ്.എല്ലിന്റെ ഇന്ത്യന്‍ സംപ്രേക്ഷണവും നിര്‍ത്തലാക്കിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് പാക്കിസ്ഥാന്‍ ഐ.പി.എല്‍ പ്രദര്‍ശനം രാജ്യത്ത് നിര്‍ത്തലാക്കിയതെന്നും സൂചനയുണ്ട്.