കൊല്‍ക്കത്തയുടെ തേരോട്ടം അവസാനിച്ചു; സൂപ്പര്‍ കിംഗ്സിന് ത്രസിപ്പിക്കുന്ന ജയം

ഐപിഎല്ലിന്റെ യുഎഇ ലെഗില്‍ തുടര്‍ ജയങ്ങളുമായി കുതിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വക സ്റ്റോപ്പ്. അവസാന പന്തുവരെ നീണ്ട ത്രസിപ്പിക്കുന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിന് സൂപ്പര്‍ കിങ്‌സിന്റെ ജയം. ഇതോടെ 16 പോയിന്റുമായി സൂപ്പര്‍ കിങ്‌സ്,ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ (16) പിന്തള്ളി ഒന്നാം സ്ഥാനത്തേക്കു കയറി. കൊല്‍ക്കത്ത (എട്ട് പോയിന്റ്) നാലാം സ്ഥാനത്തുണ്ട്. സ്‌കോര്‍: കൊല്‍ക്കത്ത- 171/6 (20 ഓവര്‍). ചെന്നൈ-172/8 (20).

കളിയില്‍ വ്യക്തമായ മുന്‍തൂക്കം നേടിയെടുത്ത നൈറ്റ് റൈഡേഴ്‌സിനെ രവീന്ദ്ര ജഡേജയുടെ കടന്നാക്രമണമാണ് നിലതെറ്റിച്ചത്. അവസാന രണ്ട് ഓവറില്‍ 26 റണ്‍സാണ് സൂപ്പര്‍ കിങ്‌സിന് വേണ്ടിയിരുന്നത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19-ാം ഓവറില്‍ രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം 22 റണ്‍സ് ജഡേജ വാരി. അവസാന ഓവറില്‍ നാല് എന്ന ലക്ഷ്യം തേടിയ സൂപ്പര്‍ കിങ്‌സിനെ സുനില്‍ നരെയ്ന്‍ വിറപ്പിച്ചുകളഞ്ഞു. സാം കറനെയും (4) ജഡേജയെയും (എട്ട് പന്തില്‍ 22) നരെയ്ന്‍ വീഴ്ത്തിയെങ്കിലും സൂപ്പര്‍ കിങ്‌സ് അവസാന പന്തില്‍ വിജയം പിടിച്ചെടുത്തു.

വലിയ ലക്ഷ്യം പിന്തുടര്‍ന്ന സൂപ്പര്‍ കിങ്‌സിന് ഋതുരാജ് ഗെയ്ക്ക്‌വാദ് (40), ഫാഫ് ഡു പ്ലെസി (43), മൊയീന്‍ അലി (32) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. പക്ഷേ, അമ്പാട്ടി റായുഡു (10), സുരേഷ് റെയ്‌ന (11), നായകന്‍ എം.എസ്. ധോണി (1) എന്നിവര്‍ മധ്യനിരയില്‍ നിറംമങ്ങിയത് സൂപ്പര്‍ കിങ്‌സിന പിന്നോട്ടടിച്ചു. നൈറ്റ് റൈഡേഴ്‌സിനായി മൂന്നു വിക്കറ്റുമായി നരെയ്ന്‍ മികച്ചു നിന്നു.

നേരത്തെ, ദിനേശ് കാര്‍ത്തിക് നടത്തിയ ചെറു വെടിക്കെട്ടാണ് നൈറ്റ് റൈഡേഴ്സിനെ മികച്ച സ്‌കോറിലെത്തിച്ചത്. 11 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും അടക്കം കാര്‍ത്തിക്ക് 26 റണ്‍സ് സ്വന്തമാക്കി. രാഹുല്‍ ത്രിപാഠി (45) കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലും (15 പന്തില്‍ 20, രണ്ട് ഫോര്‍, ഒരു സിക്സ്) നിതീഷ് റാണയും (27 പന്തില്‍ 37 നോട്ടൗട്ട്, മൂന്ന് ബൗണ്ടറി, ഒരു സിക്സ്) നൈറ്റ് റൈഡേഴ്സിന് കുതിപ്പേകിയവരില്‍പ്പെടുന്നു. സൂപ്പര്‍ കിങ്സിനുവേണ്ടി ജോഷ് ഹെസല്‍വുഡും ഷാര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം പിഴുതു.