ലേലം പോലും തുടങ്ങിയില്ല: ഐപിഎല്ലില്‍ പുതിയ വിവാദം; ബിസിസിഐക്കെതിരേ രൂക്ഷ വിമര്‍ശനം

ഇന്ത്യന്‍ പ്രീമിര്‍ ലീഗിലെ താരലേലം നടക്കുന്നതിന് മുമ്പ് തന്നെ വിവാദം. ലേല നടപടികളും പ്ലെയര്‍ റെട്ടെന്‍ഷന്‍ നടപടികള്‍ക്കുമെതിരേ രാജസ്ഥാന്‍ റോയല്‍ ഉടമകള്‍ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐയെ വിമര്‍ശിച്ച് റോയല്‍സ് ഉടമകള്‍ ഇമെയിലയച്ചു. ഈ മാസം 27നും 28നും ബെംഗളൂരുവില്‍ വെച്ചാണ് താര ലേലം. വാതുവെയ്പ്പ് കേസില്‍ രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഈ എഡിഷനിലാണ് രാജ്സ്ഥാന്‍ റോയല്‍സ് തിരിച്ചെത്തുന്നത്.

രാജസ്ഥാന്‍ റോയല്‍സ് സഹ ഉടമ മനോജ് ബഡാലെ താരലേലവും നില നിര്‍ത്തുന്ന താരങ്ങളുമായും ബന്ധപ്പെട്ടുള്ള വിമര്‍ശനം വിശദമായി ബിസിസിഐയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. താരലേലത്തിലുള്ള ലോട്ടുകള്‍ തരം തിരിച്ചതിലാണ് മുഖ്യമായും റോയല്‍സ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ നടന്നിരുന്ന രീതി അനുസരിച്ച് ദേശീയ ടീമില്‍ ഇടം നേടിയ താരങ്ങളെ ആദ്യവും ഇതുവരെ ഇടം നേടാത്ത താരങ്ങളെ രണ്ടാമതുമായിരുന്നു ലേലം നടത്തിയരുന്നത്. എന്നാല്‍, ഇത്തവണ ആദ്യ റൗണ്ടില്‍ തന്നെ ആദ്യം ദേശീയ ടീമിലിടം നേടിവരെയും ഇടം നേടാത്താവരെയും ലേലം ചെയ്യും. ഈ പുതിയ രീതിക്കെതിരേയാണ് രാജ്സ്ഥാന്‍ റോയല്‍സ് രംഗത്തെത്തിയിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിരിക്കുന്നത്.