ഐ.പി.എല്‍ പട്ടികയില്‍ സച്ചിന്‍ ഉള്‍പ്പെടെ എട്ട് താരങ്ങള്‍, അത്ഭുതങ്ങള്‍ സംഭവിയ്ക്കുമോ

മുംബൈ: ഐപിഎല്‍ പുതിയ സീസണിലെ താരലേല പട്ടികയില്‍ ഇടംപിടിച്ചത് എട്ട് കേരള താരങ്ങള്‍. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, ഓള്‍റൗണ്ടര്‍ ജലജ് സക്സേന, ഫാസ്റ്റ് ബൗളര്‍മാരായ സന്ദീപ് വാരിയര്‍, എം ഡി നിധീഷ്, വിനോദ് സി വി, വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായ വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സ്പിന്നര്‍ അക്ഷയ് ചന്ദ്രന്‍ എന്നിവരാണ് ലേല പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഇതില്‍ കഴിഞ്ഞ സീസണില്‍ ഐപിഎല്‍ കളിച്ചവരും ഉണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായിരുന്നു സച്ചിന്‍ ബേബി. വിഷ്ണു വിനോദ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലായിരുന്നു സന്ദീപ് വാര്യര്‍ ഇടംപിടിച്ചിരുന്നത്.സക്സേന ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് ഐപിഎല്‍ കളിച്ചത്.

ട്വന്റി20 താര ലേലത്തിന് മുമ്പ് വന്ന സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരള താരങ്ങള്‍ക്ക് വലിയ തോതില്‍ മികവ് കാണിക്കാന്‍ സാധിച്ചിരുന്നില്ല. ഇത് ലേലത്തില്‍ കേരളാ താരങ്ങളുടെ അവസരങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ മൂന്ന് സെഞ്ച്വറി സ്‌കോര്‍ ചെയ്ത് വിഷ്ണു വിനോദ് മികച്ച പ്രകടനം പുറത്തെടുത്തു. ഫ്രാഞ്ചൈസികളെ ആകര്‍ശിക്കാന്‍ കേരള താരങ്ങള്‍ക്ക് സാധിക്കുമോയെന്ന ആകാംക്ഷയിലാണ് കേരള ക്യാമ്പ്.

ഈ മാസം 19-ന് കൊല്‍ക്കത്തയിലാണ് ഐപിഎല്‍ ലേലം നടക്കുന്നത്. 971 താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഇവരില്‍ നിന്ന് 332 പേരെയാണ് അന്തിമ ലേലത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ച 19 കളിക്കാരും 24 പുതുമുഖങ്ങളും ഉള്‍പ്പെടുന്നതാണ് അന്തിമ പട്ടിക. ആകെ 73 കളിക്കാരെയാണ് ലേലത്തിലൂടെ എട്ട് ടീമുകള്‍ കണ്ടെത്തുക.

കോഹ്ലിയുമായി കോര്‍ത്തതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ കെസ്രിക് വില്യംസ്, ബംഗ്ലാദേശ് താരം മുഷ്ഫീഖുര്‍ റഹീം, ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപ, ടി10 ലീഗില്‍ 25 പന്തില്‍ സെഞ്ച്വറി അടിച്ച സറേ താരം വില്‍ ജാക്സ് എന്നിവരും ലേലത്തിനുള്ള അന്തിമ പട്ടികയിലുണ്ട്.

കൊല്‍ക്കത്ത താരമായിരുന്ന റോബിന്‍ ഉത്തപ്പയ്ക്കാണ് ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. ഒന്നരകോടി രൂപയാണ് ഉത്തപ്പയുടെ അടിസ്ഥാന വില.