എബിഡി വീണ്ടും ബാംഗ്ലൂരിലേക്ക്, ആവേശത്തേരില്‍ ആരാധകര്‍

2021 സീസണോടെ ഐപിഎല്ലിനോട് പൂര്‍ണ്ണമായി വിടപറഞ്ഞ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ എബി ഡിവില്ലിയേഴ്സ് ബാംഗ്ലൂരിലേക്ക് തിരിച്ചെത്തുന്നു. എന്നാല്‍ കളിക്കാനല്ല താരം എത്തുന്നത്. ഇത്രയും നാളും തന്നെ പിന്തുണച്ച ആര്‍സിബിയിലെ ആരാധകരോട് യാത്രയയപ്പ് പറയാനാണ് അദ്ദേഹം വീണ്ടും ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കെത്താനൊരുങ്ങുന്നത്. താരം തന്നെയാണ് ഈ വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്.

‘ഞാന്‍ അടുത്ത വര്‍ഷം ചിന്ന സ്വാമി സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തും. കളിക്കാനല്ല, കിരീടം നേടാന്‍ സാധിക്കാതെ പോയതില്‍ ആരാധകരോട് മാപ്പ് പറയാന്‍. ഇത്രയും നാള്‍ എന്നെ പിന്തുണച്ച ആരാധകരോട് നന്ദി പറയാന്‍. കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഇനി വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ല’ ട്വിറ്റില്‍ താരം പറഞ്ഞു.

പേരുകേട്ട താരങ്ങള്‍ ഒരുപാടുണ്ടായിട്ടും കിരീടത്തിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നില്ല. എബിഡി അടുത്ത സീസണില്‍ ആര്‍സിബിക്കായി കളിക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ ഇതോടെ ആ ചര്‍ച്ചകള്‍ക്ക് വിരാമമായിരിക്കുകയാണ്.

ഐപിഎല്ലില്‍ അര്‍ഹിച്ചൊരു വിടവാങ്ങല്‍ മത്സരം എബിഡിക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊരു മികച്ച യാത്രയയപ്പ് നല്‍കാനാവും ആര്‍സിബി ശ്രമിക്കുക. 184 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 5162 റണ്‍സ് താരം നേടിയിട്ടുണ്ട്.