ഐ.പി.എല്‍ 2022: മെഗാ ലേലത്തിന് മുമ്പേ പഞ്ചാബിന് തിരിച്ചടി, സൂപ്പര്‍ താരം ടീം വിട്ടു

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍ പഞ്ചാബ് കിംഗ്സിന്റെ ബാറ്റിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞു. ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായുള്ള മെഗാലേലത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ജാഫറിന്റെ പിന്മാറ്റം. ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനെ ഉള്‍പ്പെടുത്തി രസകരമായ ഒരു മീം പോസ്റ്റ് ചെയ്ത് തന്റെ തനതായ രസികന്‍ സ്റ്റൈലിലാണ് ജാഫര്‍ വിരമിക്കല്‍ അറിയിച്ചത്.

മെഗാലേലത്തിന് മുമ്പായി രണ്ടു കളിക്കാരെ മാത്രമാണ് പഞ്ചാബ് നിലനിര്‍ത്തിയത്. ഒന്ന് ഓപ്പണര്‍ മായങ്ക് അഗര്‍വാളും രണ്ടാമത്തെയാള്‍ ദേശീയ ടീമിനു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത പേസര്‍ അര്‍ഷ്ദീപ് സിംഗുമാണ്. മായങ്കിന് 14 കോടിയും അര്‍ഷ്ദീപിന് നാല് കോടിയുമാണ് പ്രതിഫലം.

വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലാണ് മെഗാലേലം നടക്കുക. ബെംഗളൂരുവില്‍ നടക്കുന്ന മെഗാ ലേലം രാവിലെ 11 മണിക്കാണ് തുടങ്ങുക. എത്ര മണി വരെ ഇതു നീണ്ടുനില്‍ക്കുമെന്നു വ്യക്തമല്ല.

ലേലത്തിന് രജിസ്റ്റര്‍ ചെയ്ത 1214 താരങ്ങളില്‍ 590 പേരെയാണ് ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിക്ക് 48 താരങ്ങളാണുള്ളത്. 1.5 കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍ 20 പേരും 1 കോടി അടിസ്ഥാന വിലയില്‍ 34 താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.

ആകെ 370 ഇന്ത്യന്‍ താരങ്ങള്‍ക്കും 220 വിദേശ താരങ്ങള്‍ക്കുമാണ് മെഗാ ലേലത്തില്‍ അവസരം ലഭിക്കുക.