സൂപ്പര്‍ കിംഗ്‌സിന് സൂപ്പര്‍ വാര്‍ത്ത; മുഖ്യ ബാറ്റിംഗ് ശക്തി ആദ്യ മത്സരത്തിലിറങ്ങും

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ യുവ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദ് ആദ്യ മത്സരം തൊട്ട് ഇറങ്ങും. താരം പരിക്കില്‍ നിന്ന് മുക്തനായതോടെയാണ് സിഎസ്‌കെയുടെ വലിയൊരു തലവേദന ഒഴിവായത്. ഫിറ്റ്നസ് ടെസ്റ്റ് പാസായ ഋതുരാജ് ആദ്യ മത്സരത്തില്‍ കെകെആറിനെതിരെ കളിക്കുമെന്ന് ടീം സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു.

‘ഋതുരാജ് പൂര്‍ണ്ണ ഫിറ്റ്നസിലേക്കെത്തിയിരിക്കുന്നു. സൂറത്തില്‍ നടക്കുന്ന ടീമിന്റെ പരിശീലന ക്യാംപില്‍ ഋതുരാജ് ചേര്‍ന്നു. ആദ്യ മത്സരത്തിനുള്ള സെലക്ഷനില്‍ അവനുമുണ്ടാവും’ കാശി വിശ്വനാഥന്‍ പറഞ്ഞു.

പരിക്കേറ്റ അമ്പാട്ടി റായിഡുവും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. സൂപ്പര്‍ താരം മോയിന്‍ അലി വിസാ പ്രശ്നങ്ങളെത്തുടര്‍ന്ന് പരിശീലക ക്യാംപിലേക്കെത്തുന്നത് വൈകുകയാണ്.

അതേസമയം പരിക്കേറ്റ ദീപക് ചഹാര്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. താരത്തിന് ഈ സീസണ്‍ ഏറെക്കുറെ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 26ന് ചെന്നൈ-കൊല്‍ക്കത്ത മത്സരത്തോടെയാണ് ഐപിഎല്ലിന് കൊടിയേറുന്നത്.