പഞ്ചാബ് മോശം ടീം, കപ്പടിക്കാന്‍ ഒരു സാദ്ധ്യതയുമില്ല; തുറന്നടിച്ച് ഇന്ത്യന്‍ ഇതിഹാസം

ഐപിഎല്‍ 15ാം സീസണ്‍ ഇന്ന് ആരംഭിക്കാനിരിക്കെ വമ്പന്‍ പ്രവചനവുമായി ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഏത് ടീം കപ്പ് നേടുമെന്നത് സംബന്ധിച്ച് പ്രവചനങ്ങള്‍ സജീവമാകുന്നതിനിടെ ഇത്തവണ കപ്പ് നേടാന്‍ സാധ്യതയില്ലാത്ത ടീമേതാണെന്ന് പ്രവചിച്ചിരിക്കുകയാണ് അദ്ദേഹം.

‘ഇത്തവണ ഐപിഎല്‍ കിരീടം നേടാന്‍ സാധ്യതയില്ലാത്ത ടീമുകളിലൊന്ന് പഞ്ചാബ് കിങ്സാണ്. ഇത്തവണ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ പഞ്ചാബിനൊപ്പമുണ്ടെന്ന് തോന്നുന്നില്ല. വലിയ പ്രതീക്ഷയില്ലാതെ സമ്മര്‍ദ്ദമില്ലാതെ താരങ്ങള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കുകയാണ് ചെയ്യേണ്ടത്. ഇത്തവണ പഞ്ചാബ് കിരീടം നേടിയാല്‍ അത് വലിയ അത്ഭുതമായിരിക്കും. ടി20 ഫോര്‍മാറ്റില്‍ അതിന്റേതായ ശൈലിക്കൊത്ത താരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്’ ഗവാസ്‌കര്‍ പറഞ്ഞു.

ഇത്തവണ മുംബൈ ഇന്ത്യന്‍സ് കപ്പടിച്ചാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ലെന്ന് ഗവാസ്‌കര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സിന് കാര്യങ്ങള്‍ എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘എങ്ങനെയാണ് ടൂര്‍ണമെന്റ് ജയിക്കേണ്ടതെന്ന് മുംബൈ ഇന്ത്യന്‍സിന് നന്നായി അറിയാം. ഇത് അവരെ ഈ സീസണിലും സഹായിക്കും. ഐപിഎല്ലില്‍ പൊതുവേ പതിയെ തുടങ്ങുന്ന ടീമാണ് മുംബൈ. ഇത്തവണ ടീമുകളുടെ എണ്ണവും മത്സരങ്ങളുടെ എണ്ണവും ഉയര്‍ന്നതോടെ തിരിച്ചുവരാന്‍ മുംബൈക്ക് മുന്നില്‍ ആവശ്യത്തിന് സമയം ലഭിക്കും. രോഹിത് ശര്‍മയെപ്പോലൊരു ബാറ്റിംഗ് ലീഡറും ജസ്പ്രീത് ബുംറയെപ്പോലൊരു ബോളിംഗ് ലീഡറുമുള്ളപ്പോള്‍ വീണ്ടുമൊരു കിരീടം മുംബൈ ഉയര്‍ത്തിയാലും അത്ഭുതപ്പെടാനാവില്ല.’

‘ഗുജറാത്ത് ടൈറ്റന്‍സ് പുതിയ നായകന് കീഴില്‍ കളിക്കുന്ന പുതിയ ടീമാണ്. അതുകൊണ്ട് തന്നെ അനുഭവസമ്പത്തിന്റെ കുറവ് അവര്‍ക്കുണ്ട്. ആദ്യത്തെ അഞ്ച്-ആറ് മത്സരത്തിന്റെ ഫലം കാണാതെ ഇവരെക്കുറിച്ച് ഒന്നും പറയാനാവില്ല. ഇതിലെ പ്രകടനം വിലയിരുത്തിയാവും അവര്‍ എങ്ങനെ മുന്നോട്ട് പോവുകയെന്ന് പറയാനാവുക. എന്നാല്‍ നിലവിലെ ടീമിനെ വിലയിരുത്തുമ്പോള്‍ ഗുജറാത്ത് പ്രയാസപ്പെടാനാണ് സാധ്യത കൂടുതല്‍’ ഗവാസ്‌കര്‍ പറഞ്ഞു.

ഇത്തവണ 10 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ എ,ബി എന്നിങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടത്തുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.