എല്ലാത്തിനേക്കാളും അസ്വസ്ഥതപ്പെടുത്തിയത് അയാളുടെ പെരുമാറ്റം; തുറന്നടിച്ച് പീറ്റേഴ്‌സണ്‍

രാജസ്ഥാനെതിരായ മത്സരത്തില്‍ അമ്പയറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്തിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. പന്തിന്റെ പ്രവര്‍ത്തിയെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു.

‘പന്തിന്റെ പ്രവര്‍ത്തിയെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ചിലപ്പോള്‍ അതു പന്തിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തിയിരിക്കാം. കളിയെക്കറിച്ച് അദ്ദേഹം എങ്ങനെയാണ് ചിന്തിക്കുന്നത് എന്നതിനെയും തടസ്സപ്പെടുത്തിയിരിക്കാം. അമ്പയറുടെ കോളിനേക്കാളും ഡല്‍ഹിയുടെ പെരുമാറ്റത്തേക്കാളും എനിക്കു ഉത്കണ്ഠയുണ്ടാക്കുന്നത് ഇതാണ്.’

‘റിക്കി പോണ്ടിംഗുണ്ടായിരുന്നെങ്കില്‍ ഇതു സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പന്തിനോട് ജോസ് ബട്ട്‌ലര്‍ ഗ്രൗണ്ടിന് അരികില്‍ വച്ച് നിങ്ങളെന്താണ് ഈ കാണിക്കുന്നതെന്നു ചോദിച്ചത് ശരിയാണെന്നാണ് ഞാന്‍ കരുതുന്നത്. തങ്ങളുടെ കോച്ചുമാരില്‍ ഒരാളെ കളിക്കിടെ ഗ്രൗണ്ടിലേക്ക് അയച്ചത് ശരിയായ പെരുമാറ്റമാണോ?’ പീറ്റേഴ്സന്‍ ചോദിക്കുന്നു.

ആവേശകരമായ മത്സരത്തില്‍ അവസാന ഓവര്‍ എറിയുന്നതിന് തൊട്ട് മുമ്പ് വരെ രാജസ്ഥാന്‍ ക്യാമ്പ് വലിയ ജയം ഉറപ്പിച്ചതായിരുന്നു എന്നാല്‍ വിട്ട് കൊടുക്കാന്‍ തയാറാകാതിരുന്ന റൂവ്മന്‍ പവല്‍ രാജസ്ഥാന്റെ ഓബദ് മക്കോയ്ക്കെതിരെ നടത്തിയ ആക്രമണമാണ് മത്സരം ആവേശകരമാക്കിയത്.

ആദ്യ മൂന്നു പന്തില്‍ സിക്‌സര്‍ നേടിയാണ് പവല്‍ മത്സരം ആവേശകരമാക്കിയത്. ഇതില്‍ മൂനാം പന്ത് നോ ബോള്‍ ആയിരുന്നുവെന്ന് വാദിച്ച ഡല്‍ഹി ക്യാമ്പ് രംഗത്ത് വന്നതോടെ മത്സരം കുറച്ച് നേരത്തേക്ക് നിര്‍ത്തി വച്ചു. അംപയര്‍ നോബോള്‍ പരിശോധിക്കാന്‍ തയാറാകാതെ വന്നതോടെ ഡല്‍ഹി നായകന്‍  പന്ത് ബാറ്റര്‍മാരെ തിരിച്ചുവിളിക്കാനും ശ്രമിച്ചു.