ശ്രേയസിന്റെ നായക ശൈലി രോഹിത്തിന്റേതുപോലെ, ഇന്ത്യയുടെ ഭാവി നായകന്‍ റെഡി; പ്രശംസിച്ച് മുന്‍ താരങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന കൊല്‍ക്കത്തയുടെ വിജയത്തിന് മുഖ്യ കാരണം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ നായകമികവാണെന്ന് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

‘കളിക്കാരുടെ നായകനാണ് അയ്യര്‍, അവര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കാനും വീഴുമ്പോള്‍ കൈപിടിച്ച് ഉണര്‍ത്താനും അവന് സാധിക്കുന്നുണ്ട് . ഡല്‍ഹിയിലും അവന്‍ അതെ ശൈലി പിന്തുടര്‍ന്നിരുന്നു. പോണ്ടിംഗിനെ പോലെ ഒരു പരിശീലകന്‍ ഉള്ള കാലത്ത് ഡല്‍ഹിയുടെ നായകസ്ഥാനം ഏറ്റെടുക്കാന്‍ സാധിച്ചത് അവന് കിട്ടിയ ഭാഗ്യമാണ്. എന്തായാലും കൊല്‍ക്കത്തയുടെ ഭാവി സുരക്ഷിതമായ കരങ്ങളിലാണെന്ന് പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.

താരത്തിന്റെ ട്വീറ്റിനെ പിന്തുണച്ച് ഒരുപാട് ക്രിക്കറ്റ് പ്രേമികള്‍ രംഗത്ത് വന്നു. ശരാശരി നിരയുള്ള ടീമുമായി ശ്രേയസ് കാണിക്കുന്നത് മാജിക്ക് തന്നെയാണെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. ടെസ്റ്റ് ടീമില്‍ പോലും സ്ഥാനം കിട്ടില്ല എന്ന് എല്ലാവരും പരിഹസിച്ച നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഉമേഷ് യാദവിനെ മികച്ച രീതിയിലാണ് താരം ഇതുവരെ ഉപയോഗിച്ചത്. ബാറ്റ്‌സ്മാന്മാരുടെ ദുര്‍ബലത മനസിലാക്കിയുള്ള ഫീല്‍ഡ് സെറ്റിംഗ് താരം നടത്തുന്ന ഹോംവര്‍ക്കിന്റെ സൂചനയായി കാണാം.

കൊല്‍ക്കത്തയുടെ സഹപരിശീലകന്‍ അഭിഷേക് നായരും താരത്തെ പ്രശംസിച്ച് രംഗത്ത് വന്നു. ഇന്നലെ നടന്ന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഭിഷേക്. ‘രോഹിത് ശര്‍മയുടെ പോലെ ഉള്ള നായക ശൈലിയാണ് അയ്യരുടേത്. താരങ്ങളുടെ മികവുകളെയും കുറവുകളെയും മനസിലാക്കി തന്ത്രങ്ങള്‍ ഒരുക്കാന്‍ അവന് സാധിക്കുന്നുണ്ട്. എന്തായാലും രോഹിതിനെ പോലെ ഒരു നാള്‍ ശ്രേയസ് ഇന്ത്യന്‍ നിരയെ നയിക്കുമെന്ന് ഉറപ്പാണ്’ അഭിഷേക് പറഞ്ഞു.

ധോണിയുടെ കൂള്‍ സമീപനവും, കോഹ്ലിയുടെ അഗ്രഷനും, രോഹിതിന്റെ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും പാകത്തിലുള്ള ചേരുവ പോലെ കിട്ടിയിരിക്കുന്ന ശ്രേയസ് അയ്യരെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ ആയിട്ടാണ് ക്രിക്കറ്റ് ലോകം കാണുന്നത്.