അവസാന നിമിഷം ഞെട്ടിച്ച് സണ്‍റൈസേഴ്‌സ്; ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസറെ റാഞ്ചി!

ഐപിഎല്‍ 15ാം സീസണ്‍ ആരംഭിക്കാന്‍ വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തകര്‍പ്പന്‍ നീക്കവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിനെ ബോളിംഗ കോച്ചായി എത്തിച്ചാണ് സണ്‍റൈസേഴ്‌സ് ഞെട്ടിച്ചത്. മുപ്പത്തിയെട്ടുകാരനായ സ്റ്റെയ്ന്‍ ഇന്നലെ ടീമിനൊപ്പം ചേര്‍ന്നു.

കൃത്യതയാര്‍ന്ന പേസും സ്വിംഗും ആക്രമണോത്സുകതയുമായിരുന്നു മറ്റ് ബോളര്‍മാരില്‍ നിന്ന് സ്റ്റെയിനിനെ വ്യത്യസ്ഥനാക്കിയിരുന്നത്. 93 ടെസ്റ്റുകളില്‍ നിന്ന് 439 വിക്കറ്റും, 125 ഏകദിനങ്ങളില്‍ നിന്ന് 196 വിക്കറ്റും, 47 ടി20കളില്‍ നിന്ന് 64 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ കുന്തമുനയായിരുന്ന സ്റ്റെയിന്‍ 95 മത്സരങ്ങളില്‍ നിന്ന് 97 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ബാംഗ്ലൂരിന് പുറമേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകളിലും താരം കളിച്ചിട്ടുണ്ട്.

ടോം മൂഡിയാണ് ഹൈദരാബാദ് ടീമിന്റെ മുഖ്യ പരിശീലകന്‍. ബാറ്റിംഗ് പരിശീലകനായി ബ്രയാന്‍ ലാറയും സ്പിന്‍ പരിശീലകനായി മുത്തയ്യ മുരളീധരനും ടീമിനൊപ്പമുണ്ട്.