പുതിയ ഐ.പി.എല്‍ ടീമുകളുടെ അടിസ്ഥാനവില നിശ്ചയിച്ച് ബി.സി.സി.ഐ; കൊമ്പന്മാരെ വാങ്ങൂ

ഐ.പി.എല്ലിലേക്ക് പുതുതായി എത്തുന്ന രണ്ട് ടീമുകളുടെ അടിസ്ഥാനവില ബി.സി.സി.ഐ നിശ്ചയിച്ചതായി റിപ്പോര്‍ട്ട്. 2000 കോടി രൂപയാണ് പുതിയ രണ്ട് ടീമുകളുടേയും അടിസ്ഥാനവിലയായി ബി.സി.സി.ഐ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ 1700 കോടി രൂപയായിരുന്നു അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. എന്നാലത് 2000 കോടി രൂപയായി ഉയര്‍ത്താന്‍ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു.

ഫ്രാഞ്ചൈസി സ്വന്തമാക്കുന്നതിനുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ 75 കോടിയുടെ രേഖയാണ് കക്ഷികള്‍ വാങ്ങേണ്ടത്. 3000 കോടി രൂപയ്ക്ക് മുകളില്‍ ടേണ്‍ഓവര്‍ ഉള്ള കമ്പനികള്‍ക്ക് മാത്രമാണ് ഈ രേഖകള്‍ വാങ്ങാന്‍ സാധിക്കുകയുള്ളു. ഒക്ടോബര്‍ പകുതിയോടെ പുതിയ ടീമുകളെ പ്രഖ്യാപിക്കും. ഡിസംബറില്‍ മെഗാ താരലേലം നടക്കും.

പ്രധാനമായും മൂന്ന് ഗ്രൂപ്പുകളാണ് ടീമുകള്‍ക്കായി രംഗത്തുള്ളത്. കൊല്‍ക്കത്തയില്‍ നിന്നുള്ള ആര്‍പി രാജീവ് ഗൊണീക ഗ്രൂപ്പ്, അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ്, ഗുജറാത്ത് ആസ്ഥാനമായുള്ള ടോറന്റ് ഗ്രൂപ്പ് എന്നിവര്‍ പുതിയ ടീമിനെ ഇറക്കുന്നതിന് താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.