ഐ.പി.എല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്; ചെന്നെെ സൂപ്പര്‍ കിംഗ്‌സിലും മൂന്ന് പേര്‍ക്ക് കോവിഡ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ടീമിലെ കളിക്കാര്‍ക്കല്ല ടീമിന്റെ ഭാഗമായ മൂന്നു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍, ബോളിംഗ് കോച്ച് ബാലാജി, ടീം ബസിലെ ഒരു തൊഴിലാളി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. ഡല്‍ഹി കോട്‌ല സ്റ്റേഡിയത്തിലെ അഞ്ചു ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്‍ക്കത്തന്‍ ക്യാമ്പില്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്കും സന്ദീപ് വാര്യര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതോടെ ടീമിലെ മറ്റ് താരങ്ങളും സ്റ്റാഫുകളും ഇപ്പോള്‍ ഐസൊലേഷനിലാണെന്നാണ് വിവരം.

ഇതിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്ലില്‍ ഇന്ന് നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത- ബാംഗ്ലൂര്‍ മത്സരം മാറ്റി. ഈ മത്സരം മറ്റൊരു ദിവസം നടത്തും.