ഒന്ന് ഫോമായിട്ട് വന്നതായിരുന്നു, എല്ലാം നശിപ്പിച്ചില്ലേ; പൊട്ടിത്തെറിക്കാന്‍ പാകത്തിന് ബാംഗ്ലൂര്‍

ബയോ സെക്യുര്‍ ബബ്ള്‍ സംവിധാനത്തിനുള്ളിലേക്കും കോവിഡ് ചുരന്ന് കേറിയതോടെ ഐ.പി.എല്ലിന് അനിശ്ചിത കാലത്തേക്ക് പൂട്ട് വീണിരിക്കുകയാണ്. കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി ടീമുകളിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് പിടിവാശി അവസാനിപ്പിച്ച് ബി.സി.സി.ഐ ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചത്. ബാക്കി മത്സരങ്ങള്‍ എന്ന് നടത്തുമെന്ന് തീരുമാനിച്ചിട്ടില്ല.

ടൂര്‍ണമെന്റ് പാതിവഴിയില്‍ അവസാനിക്കുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ വിഷമമുണ്ടാക്കുന്നത് വിരാട് കോഹ് ലിക്കും കൂട്ടര്‍ക്കുമായിരിക്കും. മുന്‍ സീസണുകളെ അപേക്ഷിച്ച് ഈ സീസണില്‍ മികച്ച ഫോമിലായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കളിച്ച ഏഴ് മത്സരങ്ങളില്‍ അഞ്ചിലും ജയിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു അവര്‍.

ഈ സീസണില്‍ കിരീടം നേടാന്‍ സാധിക്കും വിധത്തിലുള്ള പ്രകടനമായിരുന്നു ബാംഗ്ലൂരിന്റേത്. ബാറ്റിംഗ് നിരയും ബോളിംഗ് നിരയും ഒന്നിനൊന്ന് മികച്ചു നിന്ന് അത്ഭുത സീസണിനാണ് ബാംഗ്ലൂര്‍ ഏറെ വിഷമത്തോടെ ഗുഡ് ബൈ പറയുന്നത്. പ്രധാന ഐ.സി.സി ടൂര്‍ണമെന്റുകള്‍ ഇനി വരാനിരിക്കെ ഈ സീസണ്‍ മത്സരങ്ങള്‍ ഇനിയുണ്ടാകുമോ എന്ന വേദന ബാംഗ്ലൂരിന്റെ ദുഃഖം വര്‍ദ്ധിപ്പിക്കുന്നു.

ബാംഗ്ലൂരിന് മാത്രമല്ല ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും സാഹചര്യങ്ങള്‍ അനുകൂലമായിരുന്നു. കഴിഞ്ഞ സീസണില്‍ പ്ലേഓഫില്‍ പോലുമെത്താത്ത ചെന്നൈ ഈ സീസണില്‍ എട്ടില്‍ ആറ് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതായിരുന്നു. ഡല്‍ഹിയാകട്ടെ രണ്ടാമതും. ആദ്യ കിരീട നേട്ടമെന്ന മോഹം ഡല്‍ഹിയ്ക്കും, കിരീടം നേടികൊടുത്ത് കളി മതിയാക്കാമെന്ന ധോണിയുടെ സ്വപ്‌നവും വേലി പുറത്തെ തേങ്ങപോലെ ഇരിക്കയാണ്. ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയാം.