സാംസണ്‍ പതിയെ മാറുകയാണ്, തന്‍റെ ശൈലിയെ മാറ്റിയെടുക്കുകയാണ്

തന്റെ നേരെ വരുന്ന പന്തുകളെ കാണുമ്പോള്‍ അടിച്ചു പറത്താനുള്ള വ്യഗ്രത തന്നെയായിരുന്നു സഞ്ജുവിനെ ഇന്നത്തെ സഞ്ജു ആക്കിയത്. എന്നാല്‍ ആ മാനസികാവസ്ഥ പലപ്പോഴും അയാളിലെ പ്രതിഭയെ ഐപിഎല്‍ മാത്രമൊതുക്കിയിരുന്നു.

സാംസണ്‍ പതിയെ മാറുകയാണ്. തന്റെ ശൈലിയെ മാറ്റിയെടുക്കുകയാണ്. എങ്ങനെ ഒരു ഇന്നിങ്ങ്‌സ് പരുവപ്പെടുത്തിയെടുക്കണമെന്ന ബ്‌ളൂ പ്രിന്റ് മനസില്‍ പതിപ്പിച്ച് ക്രീസിലെത്തുന്ന സഞ്ജുവിനെയാണ് കഴിഞ്ഞ 2 കളികളിലായി കാണുന്നത്.

Image

സീസണിലെ ദുര്‍ബലമായ ഒരു ടീമിന് താനല്ലാതെ മറ്റാരുമില്ല എന്ന തിരിച്ചറിവിലൂടെ അയാള്‍ ടീമിനെ നയിക്കുകയാണ്, യഥാര്‍ത്ഥ നായകനായി. ഒടുവില്‍ ഓറഞ്ച് ക്യാപ് തലയില്‍ വെക്കുമ്പോള്‍ അത് തന്നെ നിരന്തരം വിമര്‍ശിക്കുന്നവര്‍ക്കുള്ള നിശബ്ദമായ മറുപടി കൂടിയാണ്. കൈയ്യടിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ കിട്ടുന്ന അയാളെ ഒരു ഐപിഎല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ പോലും പറയത്തക്ക അംഗീകാരം പല കോണുകളില്‍ നിന്നും ലഭിക്കാതെ പോകുമ്പോള്‍ അയാള്‍ സ്വയം പുതിയ തലത്തിലേക്ക് മാറുമ്പോള്‍ എന്നും അയാളില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കുന്ന മലയാളികള്‍ വീണ്ടും പ്രതീക്ഷയര്‍പ്പിക്കുകയാണ്.

Image

ആദ്യ 30 പന്തുകളില്‍ 100 സ്‌ട്രൈക്ക് റേറ്റുമായി കളിക്കുമ്പോള്‍ മുതല്‍ സഞ്ജുവിന്റെ രക്തത്തിനായി മുറവിളി തുടങ്ങിയിരുന്നു. മുന്‍പ് സഞ്ജുഇത് പോലെ കളിക്കണമെന്ന് വാശി പിടിച്ചവരായിരുന്നു അതില്‍ ഭൂരിഭാഗവും. 13 ഓവറില്‍ 92 റണ്‍സുമായി ഇഴയുന്ന റോയല്‍സിനെ റാഷിദ് ഖാനെ സിക്‌സര്‍ പറത്തി ആ പിശുക്കന്‍ ബോളറുടെ ഇക്കണോമി അപൂര്‍വമായി മാത്രം കാണുന്ന 6 നു മീതെ എത്തിച്ചതിനു ശേഷം കൗളിനെ ഫോര്‍ പറത്തി 50 ലെത്തിയ സാംസണ്‍ അത് ആഘോഷിച്ചത് കൗളിനെ സിക്‌സര്‍ പറത്തിയായിരുന്നു.

മനോഹരമായ ക്‌ളീന്‍ ഹിറ്റുകള്‍. കരുത്തുറ്റ ഷോട്ടുകള്‍. 16 ഓവറില്‍ റോയല്‍സ് 133 ലെത്തിയത് ആരും അറിഞ്ഞതു പോലുമില്ല. 57 പന്തില്‍ 3 സിക്‌സറുകളടക്കം 82 റണ്‍ നേടിയ സഞ്ജു പുറത്താകുമ്പോഴേക്കും 10 ഓവറില്‍ 77 റണ്‍സ് മാത്രമായുണ്ടായിരുന്ന സ്‌കോര്‍ 161 ലെത്തിയിരുന്നു. ടീമിലെ മറ്റുള്ളവര്‍ ചേര്‍ന്ന് ആകെ നേടിയത് 7 ഫോറുകളും 2 സിക്‌സറും. സാംസണ്‍ ഒറ്റക്ക് നേടിയത് 7 ഫോറും 3 സിക്‌സറും എന്നത് തന്നെ അയാള്‍ ക്രീസ് ഭരിച്ചതിന്റെ തെളിവായിരുന്നു.