അടിച്ചു തകര്‍ത്ത് ക്രിസ് മോറിസ്; ഇത് സഞ്ജുവിനുള്ള മറുപടി

പഞ്ചാബ് കിംഗ്‌സിനെതിരെ നേടാതെ പോയ ആ സിംഗിളിനെച്ചൊല്ലി സഞ്ജു സാംസണ്‍ ഇപ്പോള്‍ ചിലപ്പോള്‍ ഖേദിക്കുന്നുണ്ടാകും. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്രിസ് മോറിസിന്റെ ബാറ്റിംഗ് പ്രകടനം ടീമിനെ വിജയത്തിലെത്തിച്ചതിനാല്‍ അങ്ങനൊരു ചിന്തയ്ക്ക് നല്ല സാദ്ധ്യതയുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിനെ ഇന്നലെ നടന്‌ന മത്സരത്തില്‍ മോറിസിന്റെ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്.

18 പന്തില്‍ 36 റണ്‍സാണ് ഡല്‍ഹിയ്‌ക്കെതിരെ മോറിസ് നേടിയത്. അവസാന രണ്ട് ഓവറില്‍ രാജസ്ഥാന് വിജയത്തിലേക്ക് 27 റണ്‍സാണ് വേണമെന്നിരിക്കെ 19ാം ഓവറില്‍ കഗീസോ റബാഡയ്ക്കെതിരെയും 20ാം ഓവറില്‍ ടോം കറനെതിരെയും രണ്ടു വീതം പടുകൂറ്റന്‍ സിക്‌സറുകള്‍ പറത്തി മോറിസ് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഈ പ്രകടനം സഞ്ജുവിനുള്ള മോറിസിന്റെ മറുപടിയായാണ് ഒരു വിഭാഗം വ്യാഖ്യാനിക്കുന്നത്.

Image

ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന രാജസ്ഥാനെ ദക്ഷിണാഫ്രിക്കക്കാരായ ഡേവിഡ് മില്ലര്‍ (43 പന്തില്‍ 62), ക്രിസ് മോറിസ് എന്നിവരുടെ ഇന്നിംഗ്‌സുകളാണ് രക്ഷപ്പെടുത്തിയത്. നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി നിര്‍ണായകമായ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ഒരു സിക്‌സര്‍ സഹിതം ഏഴു പന്തില്‍ 11 റണ്‍സുമായി മോറിസിനൊപ്പം വിജയത്തിലേക്ക് കൂട്ടുനില്‍ക്കുകയും ചെയ്ത ജയ്‌ദേവ് ഉനദ്കടും മികച്ചു നിന്നു.

Image

ആവേശ പോരാട്ടത്തില്‍ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്‍ ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ട് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു.