സൂചി കയറ്റാനുള്ള ഇടം കൊടുത്താല്‍ തകര്‍ത്തു വാരുന്ന വിന്റേജ് സി.എസ്.കെ, എതിരാളികള്‍ കരുതിയിരിക്കണം!

സന്ദീപ് ദാസ്

ഒരു സമയത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് നൂറു റണ്‍സ് തികയ്ക്കുമോ എന്ന് സംശയം തോന്നിയിരുന്നു. അവര്‍ 156ല്‍ ഫിനിഷ് ചെയ്തു. ഋതുരാജ് ഗെയ്ക്ക്വാദിനോട് യെല്ലോ ആര്‍മി കടപ്പെട്ടിരിക്കുന്നു.

ചെന്നൈയ്ക്ക് തുടക്കത്തില്‍ കുറേ വിക്കറ്റുകള്‍ നഷ്ടമായത് മാത്രമായിരുന്നില്ല പ്രശ്‌നം. പലതും സോഫ്റ്റ് ഡിസ്മിസലുകളായിരുന്നു. അതിന്റെ കൂടെ റായുഡുവിന്റെ പരിക്കും റെയ്‌നയുടെ നിരുത്തരവാദിത്വം നിറഞ്ഞ ബാറ്റിങ്ങും. സീസണിലെ ആദ്യ കളിയില്‍ ഇങ്ങനെ സംഭവിക്കുമ്പോള്‍ ടീമിന്റെ മൊറേല്‍ തന്നെ തകര്‍ന്നേക്കാം. അവിടെയാണ് ഋതുരാജ് സ്‌പെഷല്‍ വന്നത്.

ഋതുരാജിന്റെ ബാറ്റിങ്ങ് മികവിനെക്കുറിച്ച് ആര്‍ക്കും സംശയങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ ഡെത്ത് ഓവറുകളില്‍ തിളങ്ങാന്‍ ആവശ്യമായ പവര്‍ഗെയിം അയാള്‍ക്കുണ്ടോ എന്നൊരു ചോദ്യം നിലനിന്നിരുന്നു. ഇന്ന് ഋതുരാജ് അതിനും മറുപടി തന്നു. അതും ഡെത്ത് ബോളിങ്ങിന്റെ ആശാന്‍മാരായ ബുംറ- ബോള്‍ട്ട് സഖ്യത്തിനെതിരെ. സി.എസ്.കെയ്ക്ക് ആത്മവിശ്വാസത്തോടെ തുടര്‍മത്സരങ്ങള്‍ കളിക്കാം. ഋതുരാജിന്റെ കഴിവ് ചെന്നൈ തിരിച്ചറിയാന്‍ കുറച്ച് വൈകി. Better late than never എന്നാണല്ലോ!

Image

2020 ഐ.പി.എല്ലിലെ മോശം ഓര്‍മ്മകള്‍ മായ്ച്ചുകളയണം എന്ന് ഉറപ്പിച്ചിട്ടാണ് ചെന്നൈ ഇറങ്ങിയിട്ടുള്ളത്. ടീമിലെ പത്തുപേര്‍ ബാറ്റ് ചെയ്യുന്നവര്‍. ഹെയ്‌സല്‍വുഡിന് പകരം സാം കറന്‍ വന്നാല്‍ 11 ബാറ്റ്‌സ്മാന്‍മാര്‍! ഇങ്ങനെയൊരു സംഘം ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കണം!

മുംബൈയ്‌ക്കെതിരെ 114/9 എന്ന സ്‌കോറില്‍ ഒതുങ്ങുകയും പത്ത് വിക്കറ്റിന് തോല്‍ക്കുകയും ചെയ്ത ചെന്നൈയെ കഴിഞ്ഞ സീസണില്‍ കണ്ടിരുന്നു. ചെന്നൈ എന്ന പേരുള്ള വേറെ ഏതോ ഒരു ടീം പോലെ തോന്നിച്ചിരുന്നു അന്ന്.

Image

Read more

നമുക്ക് പരിചയമുള്ള ചെന്നൈ ഇതാണ്. പവര്‍പ്ലേയില്‍ അഞ്ച് ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായിട്ടും 150 കടക്കുന്നു. പിന്നീട് ധോണിയുടെ നേതൃത്വത്തില്‍ സമര്‍ത്ഥമായി പ്രതിരോധിക്കുന്നു. സൂചി കയറ്റാനുള്ള ഇടം കൊടുത്താല്‍ തകര്‍ത്തുവാരുന്ന വിന്റേജ് സി.എസ്.കെ എതിരാളികള്‍ കരുതിയിരിക്കണം…!