ധോണി ഭായി കൂടെ ഉള്ളപ്പോള്‍ ഒന്നും പേടിക്കാനില്ല; ക്യാപ്റ്റന് നന്ദി പറഞ്ഞ് ഗെയ്ക്‌വാദ്

ഐപിഎല്‍ രണ്ടാം ഘട്ടത്തിന്റെ ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മുന്‍നിര പരാജയപ്പെട്ടപ്പോള്‍ യുവ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ ഉശിരന്‍ അര്‍ദ്ധ ശതകമാണ് സൂപ്പര്‍ കിങ്സിനെ കരകയറ്റിയത്. ഇത് തന്റെ കരിയറിലെ മികച്ച ഇന്നിംഗ്‌സാണെന്നും എം.എസ് ധോണിയെ പോലൊരു നായകന്‍ കൂടെയുള്ളപ്പോള്‍ ഒന്നും പേടിക്കാനില്ലെന്നും മത്സരശേഷം ഗെയ്ക്‌വാദ് പറഞ്ഞു.

‘തീര്‍ച്ചയായും എന്റെ ഇതുവരെ ഉള്ളതിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നാണിത്. തുടക്കത്തിലേ വിക്കറ്റ് പോയതിന്റെ സമ്മര്‍ദ്ദമായതോടെ ടീമിനെ 130-140 എന്ന സ്‌കോറിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്. പിന്നീടാണ് 150 എന്ന സ്‌കോറിലേക്ക്  എത്തിക്കാനാവുമെന്ന് തോന്നി.’

Image

‘ധോണി ഭായിയും ടീം മാനേജ്മെന്റും നമുക്ക് ചുറ്റും നിന്ന് പിന്തുണ ചെയ്യുമ്പോള്‍ അധികമായൊന്നും നമുക്ക് ചിന്തിക്കാനുണ്ടാവില്ല. പോസിറ്റീവായ കാര്യങ്ങള്‍ മാത്രമാണുള്ളത്. ശ്രീലങ്കന്‍ പര്യടനവും അതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങളും വളരെയധികം സഹായിച്ചു. പന്തിന് നല്ലേ വേഗവും സ്വിംഗുമുണ്ടായിരുന്നു. അതിനാല്‍ തന്നെ സ്പിന്നര്‍മാര്‍ക്കെതിരേ കൂടുതല്‍ ആക്രമിച്ച് കളിച്ചു’ ഗെയ്ക്‌വാദ് പറഞ്ഞു.

മത്സരത്തില്‍ 58 പന്തില്‍ ഒമ്പത് ഫോറും നാല് സിക്സും അടക്കം 88 റണ്‍സ് നേടിയ ഗെയ്ക്‌വാദ് പുറത്താകാതെ നിന്നു. ഗെയ്ക്‌വാദിന്റെ പ്രകടന കരുത്തില്‍ സിഎസ്‌കെ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ മുംബൈയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സില്‍ അവസാനിച്ചു.