‘പുതിയത് ചിലത് പരീക്ഷിക്കും’; കൊല്‍ക്കത്തയ്ക്ക് മുന്നറിയിപ്പുമായി പന്ത്

ഞായറാഴ്ച പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ഡല്‍ഹിയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച ശിഖര്‍ ധവാനെയും പൃഥി ഷായെയും അഭിനന്ദിച്ച നായകന്‍ റിഷഭ് പന്ത്. ഇരുവരുടെയും മികച്ച തുടക്കം കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന് പറഞ്ഞ ശനിയാഴ്ച കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള മത്സരത്തില്‍ പുതയ ചിലത് പരീക്ഷിക്കുമെന്നും പന്ത് പറഞ്ഞു.

‘ശിഖറും പൃഥ്വിയും നല്ല തുടക്കമാണ് നല്‍കിയത്. ഒരു മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചാല്‍ അത് വലിയ ആശ്വാസമാണ്. കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള മത്സരത്തിന് പൂര്‍ണ സജ്ജമാണെങ്കിലും അവര്‍ക്കായി പുതിയത് ചിലത് പരീക്ഷിക്കേണ്ടിയിരിക്കുന്നു’ പന്ത് പറഞ്ഞു.

പഞ്ചാബിനെതിരെ ഏഴ് വിക്കറ്റിനാണ് പന്തും സംഘവും ജയിച്ചു കയറിയത്. ഓപ്പണിംഗ് വിക്കറ്റില്‍ വെറും 37 പന്തില്‍നിന്ന് 63 റണ്‍സാണ് ശിഖര്‍ ധവാന്‍ -പൃഥ്വി ഷാ കൂട്ടുകെട്ട് അടിച്ചെടുത്തത്.

പൃഥി ഷാ 22 പന്തില്‍ 39 റണ്‍സെടുത്തപ്പോള്‍ ശിഖര്‍ ധവാന്‍ 47 പന്തില്‍ 69 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജയത്തോടെ ഡല്‍ഹി പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.