ആ മാന്ത്രികനിമിഷം ഇത്രയും കാലം അകന്നുനിന്നു, അവസാനമത് യാഥാര്‍ത്ഥ്യമായപ്പോള്‍ വിശ്വസിക്കാനൊരു ബുദ്ധിമുട്ട്

സന്ദീപ് ദാസ്

ഷാര്‍ജയില്‍ സിദ്ധാര്‍ത്ഥ് കൗള്‍ അവസാന ഓവര്‍ എറിയുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നാലുപന്തുകളില്‍നിന്ന് 2 റണ്‍സ് ആവശ്യമായിരുന്നു. സാധാരണഗതിയില്‍ ബാറ്റിങ്ങ് ടീം അനായാസം ജയിക്കേണ്ട മത്സരം. പക്ഷേ ഹൈദരാബാദിന്റെ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അസ്തമിച്ചിരുന്നില്ല.

ബാറ്റിങ്ങ് ദുഷ്‌കരമായ പിച്ചിലാണ് കളി നടന്നിരുന്നത്. ക്രീസിലുണ്ടായിരുന്ന ബാറ്റര്‍ അയാളുടെ കരിയറിലെ ഏറ്റവും മോശം ഫോമിലുമായിരുന്നു. പക്ഷേ സകല കാണികളും ആ കളിക്കാരനുവേണ്ടി ആര്‍ത്തുവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു! അയാളുടെ സിംഗിളുകള്‍ പോലും അവര്‍ ആഘോഷമാക്കിയിരുന്നു! സ്റ്റേഡിയത്തിലെങ്ങും ആ പേര് പ്രകമ്പനം കൊള്ളുകയായിരുന്നു-മഹേന്ദ്രസിംഗ് ധോണി!

ജെയ്‌സന്‍ ഹോള്‍ഡറുടെ ഒരു ഷോര്‍ട്ട്‌ബോള്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ചാണ് ധോണിയുടെ വിശ്വസ്തനായ ഫാഫ് ഡ്യു പ്ലെസി പുറത്തായത്. അപ്രവചനീയമായ ബൗണ്‍സുള്ള ഷാര്‍ജയിലെ പ്രതലത്തില്‍ ഷോര്‍ട്ട്‌ബോള്‍ മികച്ച ഒരു ആയുധമായിരുന്നു. കൗള്‍ ധോണിയ്‌ക്കെതിരെയും അതുതന്നെ പ്രയോഗിച്ചു. ധോണി ഷോട്ട് പായിച്ചുവെങ്കിലും മിഡ്-വിക്കറ്റിലെ ഫീല്‍ഡര്‍ തടഞ്ഞു. ഡോട്ട്‌ബോള്‍! ഓറഞ്ച് പട ഒന്നുകൂടി ഉണര്‍ന്നു. ഹൈദരാബാദ് സ്‌കിപ്പര്‍ കെയ്ന്‍ വില്യംസന്‍ കൗളിനോട് കുറച്ചുനേരം സംസാരിച്ചു. അതിനുപിന്നാലെ കൗള്‍ റൗണ്ട് ദ വിക്കറ്റ് ശൈലിയിലേക്ക് മാറി. ഒരു ഷോര്‍ട്ട്‌ബോള്‍ കൂടി വരാന്‍ പോകുന്നു എന്ന സൂചന!

IPL 2021: MS Dhoni Finishes In Style Vs SRH as Chennai Super Kings Sail  Into Playoffs

ഇപ്രകാരം ധോണിയുടെ മനസ്സില്‍ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിച്ചതിനുശേഷം ഫുള്‍ലെങ്ത്ത് ബോള്‍ എറിയുക എന്നതായിരുന്നു പദ്ധതി. പക്ഷേ കൗളിന്റെ പന്ത് ലോങ്ങ്-ഓണിനുമുകളിലൂടെ പറന്നു. സിക്‌സ്! കളികണ്ടുകൊണ്ടിരുന്ന ആരാധകര്‍ ഒരുപാട് വര്‍ഷങ്ങള്‍ പുറകിലേക്ക് പോയി. 2011 ലോകകപ്പ് ഫൈനല്‍ സിക്‌സറടിച്ചുകൊണ്ട് ഫിനിഷ് ചെയ്ത ധോണിയുടെ ചിത്രം കളിപ്രേമികളുടെ മനസ്സില്‍ തെളിഞ്ഞു.

ധോണിയുടെ മോശം ഫോം ഉപയോഗപ്പെടുത്താമെന്നാണ് വില്യംസനും സംഘവും വിചാരിച്ചത്. പക്ഷേ അവര്‍ ഒരു കാര്യം മറന്നുപോയി. ക്രിക്കറ്റിലെ ഏറ്റവും മൂര്‍ച്ചയുള്ള തലച്ചോറാണ് ധോണിയുടേത്. എത്ര കാലം ചെന്നാലും അത് തുരുമ്പിക്കില്ല! എതിരാളികള്‍ മനസ്സില്‍ കാണുന്നത് മാനത്ത് കാണുന്ന വിന്റേജ് ധോനിയിലേക്കുള്ള മടക്കയാത്രയാണ് യു.എ.ഇയില്‍ കണ്ടത്.

SRH vs CSK: MS Dhoni Finishes In Style vs SRH As CSK Sail Into Play-Offs |  Cricket News

ധോണി വിരോധികള്‍ പരിഹാസപൂര്‍വ്വം ചോദിക്കുമായിരിക്കും- കുറേക്കാലത്തിനുശേഷം ഒരു സിക്‌സ് അടിച്ചതാണോ ഇത്ര വലിയ കാര്യം? അവസാനം വന്ന് ക്രെഡിറ്റ് തട്ടിയെടുക്കുന്നതില്‍ ഇയാള്‍ക്ക് യാതൊരു നാണക്കേടും തോന്നുന്നില്ലേ? അത്തരക്കാര്‍ മറുപടി അര്‍ഹിക്കുന്നില്ല. ധോണി ഏറ്റവും നന്നായി കളിച്ചിരുന്ന കാലത്തുപോലും ധോണി വിരോധികള്‍ അയാളെ അംഗീകരിച്ചിട്ടില്ല. പിന്നെയല്ലേ ഇപ്പോള്‍!?

ഇന്ത്യന്‍ ടീമിന്റെ തുറുപ്പുചീട്ടായിരുന്നു ധോണി. 2019 ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനമായി നീലക്കുപ്പായമണിഞ്ഞത്. അന്നും ടീമിന്റെ മുഴുവന്‍ ഭാരവും ധോണിയുടെ ചുമലുകളിലായിരുന്നു. വിരമിക്കല്‍ മത്സരം നല്‍കാന്‍ തയ്യാറാണെന്ന് വിരാട് കോഹ്ലിയും രവിശാസ്ത്രിയും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വിടചൊല്ലിയ ആളാണ് ധോണി.

ധോണിയ്ക്ക് ഇനി ഒന്നും തെളിയിക്കാനില്ല എന്ന് സാരം. 2020 ഐ.പി.എല്ലില്‍ തകര്‍ന്നടിഞ്ഞ ചെന്നൈ ടീം ഈ സീസണില്‍ പ്ലേ ഓഫ് ഉറപ്പിച്ച ആദ്യ സംഘമായി മാറിയത് ധോണി എന്ന നായകന്റെ വിജയം തന്നെയാണ്. ഒരായുസ്സ് മുഴുവന്‍ അതിസമ്മര്‍ദ്ദ മത്സരങ്ങള്‍ ഫിനിഷ് ചെയ്ത മനുഷ്യനാണ്. കരിയറിന്റെ അവസാന ഘട്ടത്തിലെങ്കിലും ധോണി സമാധാനത്തോടെ കളിക്കട്ടെ. കളിയുടെ അവസാനം ബാറ്റിങ്ങിനിറങ്ങി സിക്‌സര്‍ അടിക്കുന്ന ധോണിയിലേക്ക് ലൈംലൈറ്റ് പോകുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. അയാള്‍ക്ക് അതിനുള്ള യോഗ്യതയുണ്ട്.

ധോണിയുടെ ജീവിതപങ്കാളിയായ സാക്ഷി ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു. കൗളിന്റെ പന്ത് ധോണി അടിച്ചുയര്‍ത്തിയപ്പോള്‍ എല്ലാ കാണികളും ആവേശത്തോടെ ചാടി എഴുന്നേറ്റിരുന്നു. പക്ഷേ സാക്ഷി ചെറിയ പരിഭ്രമത്തോടെ കസേരയില്‍ ഇരുന്നു. പന്ത് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലെത്തിയപ്പോള്‍ മാത്രമാണ് സാക്ഷി ആഘോഷം തുടങ്ങിയത്. പിന്നീട് അവര്‍ കുട്ടികളെപ്പോലെ തുള്ളിച്ചാടി. ധോണി ആരാധകരുടെ മനസ്സ് തന്നെയാണ് സാക്ഷി പ്രകടമാക്കിയത്. ഒരു ധോണി സ്‌റ്റൈല്‍ ഫിനിഷിങ്ങ് കഴിഞ്ഞ ഐ.പി.എല്‍ മുതല്‍ കാത്തിരിക്കുന്നതാണ്. ആ മാന്ത്രികനിമിഷം ഇത്രയും കാലം അകന്നുനിന്നു. അവസാനം അത് യാഥാര്‍ത്ഥ്യമായപ്പോള്‍ വിശ്വസിക്കാനൊരു ബുദ്ധിമുട്ട് പോലെ! കണ്ണും മനവും നിറയുംപോലെ…!

Read more

സാക്ഷിയെപ്പോലെയല്ലേ നമ്മളും പ്രതികരിച്ചത്…!? ഒരു നിമിഷം കൊണ്ട് ആശങ്ക, അവിശ്വസനീയത, സന്തോഷം, നിര്‍വൃതി…! ഒറ്റ ഷോട്ട് കൊണ്ട് ഇതെല്ലാം സമ്മാനിക്കാന്‍ സാധിക്കുന്ന വ്യക്തിയുടെ പേര്-മഹേന്ദ്രസിംഗ് ധോണി!