ഈ സീസണിലെ ഏറ്റവും ഏകപക്ഷീയ മത്സരം, പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് നിരാശ

93 റണ്‍ മാത്രം പിടിച്ചു നിര്‍ത്താനിറങ്ങിയ ടീമിന്റെ ഓപ്പണിങ്ങ് ബോളര്‍മാര്‍ ആദ്യ ഓവറുകളില്‍ 10 വീതം റണ്‍ കൂടി വഴങ്ങിയാലുള്ള അവസ്ഥ എന്താകും???

പഞ്ചാബിന്റെ 22 കാരന്‍ ഗില്ലും മധ്യപ്രദേശിന്റെ 26 കാരന്‍ വെങ്കിടേഷ് അയ്യരും ടി20 ല്‍ വലിയ അനുഭവസമ്പത്തുള്ളവരല്ലെങ്കിലും അവര്‍ നേരിട്ടത് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ചവരായ സിറാജിനെയും ജാമിസണിനെയും ആയിരുന്നു. ആര്‍സിബി ആദ്യ 13 ഓവറില്‍ 5 ഫോറുകള്‍ മാത്രം നേടിയപ്പോള്‍ ആദ്യ 30 പന്തുകളില്‍ 6 ഫോറുകളും 1 സിക്‌സറും പറത്തിയ കെകെആര്‍ ഓപ്പണര്‍മാര്‍ ആദ്യ 10 പന്തിനിടയില്‍ തന്നെ മാച്ചിന്റെ വിധി എഴുതിക്കഴിഞ്ഞിരുന്നു.

നേരിട്ട 16-ാം പന്തില്‍ ജെമിസണെ സിക്‌സര്‍ പറത്തിയ അരങ്ങേറ്റക്കാരന്‍ വെങ്കിടേഷ് അയ്യര്‍ സ്പാര്‍ക്ക് പൊതുവെ കുറവുള്ള കെകെആറിന് സ്പാര്‍ക്ക് കൊടുക്കാന്‍ പ്രാപ്തിയുള്ളവനെ പോലെ തോന്നിച്ചു. 10 ഓവര്‍ ബാക്കി നില്‍ക്കെ 9 വിക്കറ്റും ബാക്കി നില്‍ക്കെ കെകെആര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഫോം വീണ്ടെടുത്ത ഗില്ലിന് ആത്മവിശ്വാസവും അരങ്ങേറ്റക്കാരന്‍ അയ്യര്‍ക്ക് സീസണില്‍ അടുത്ത മാച്ചുകളിലും സ്ഥാനവും ഉറപ്പായി.

Image

6 ഓവറില്‍ 50- ഉം 8 ഓവറില്‍ 75- ഉം കടന്ന കെകെആര്‍ ആര്‍സിബി യെ നാണം കെടുത്തുന്ന രീതിയില്‍ ബാറ്റ് ചെയ്തപ്പോള്‍ ഇക്കുറിയും ആര്‍സിബി ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വന്നേക്കാമെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഈ സീസണിലെ തന്നെ ഏറ്റവും ഏകപക്ഷീയമത്സരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് നിരാശ മാത്രം.