അവന്‍ മുംബൈ ആരാധകരുടെ ശ്വാസമാണ് വീണ്ടെടുത്തത്, എന്നാല്‍ ഒരു പ്രശ്നം ഇനിയും ബാക്കി

17 ആം ഓവറില്‍ മുഹമ്മദ് ഷമി പന്തെറിയാനെത്തുമ്പോള്‍ കളി ഏത് ഭാഗത്തേക്കും തിരിയാവുന്ന അവസ്ഥയായിരുന്നു. മുംബൈക്ക് വേണ്ടത് 4 ഓവറില്‍ 40 റണ്‍സ്. വെറും 7 ല്‍ താഴെ മാത്രം ആവശ്യമായിരുന്ന റണ്‍റേറ്റ് അപ്പോഴേക്കും 10 ലെത്തിയിരുന്നു.

അവിടെ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ പക്ഷെ മുന്‍തുക്കം ഷമിക്ക് തന്നെയായിരുന്നു. ഐപിഎല്‍ അതു വരെ ഹര്‍ദിക്കിനെതിരെ 13 പന്തുകള്‍ എറിഞ്ഞപ്പോള്‍ 17 റണ്‍സ് മാത്രം വഴങ്ങി 3 തവണ ഷമി ഹര്‍ദിക്കിനെ പുറത്താക്കിയിരുന്നു. മാത്രമല്ല കരിയറില്‍ ഫോം ഔട്ടിന്റെ അങ്ങേത്തലക്കലുമാണ് ഹാര്‍ദിക്.

Image

എന്നാല്‍ ഷമിയെ അടുത്ത 2 ഓവറില്‍ 2 സിക്‌സറിനും 4 ഫോറിനും പറത്തി 3 ഓവറുകള്‍ക്കുള്ളില്‍ വിജയം സാധിച്ച പാണ്ഡ്യ മുംബൈ ആരാധകരുടെ ശ്വാസമാണ് വീണ്ടെടുത്തത്. ഐപിഎല്‍ അവസാന ഘട്ടത്തിലേക്കടുക്കുമ്പോള്‍ പാണ്ഡ്യ ഫോമിലേക്ക് വരുന്നത് മുംബൈക്ക് നിര്‍ണായകമാകും .

4 ഓവറിനിടെ 16 റണ്‍സിന് രോഹിത്തും സൂര്യയും രവി ബിഷ്‌ണോയുടെ മാന്ത്രിക സ്‌പെല്ലില്‍ അടിയറവ് പറയുമ്പോള്‍ വീണ്ടും മുംബൈ ഒരു അപകടം മണത്തതായിരുന്നു . അധികമൊന്നും ആരും പ്രതീക്ഷിക്കാത്ത സൗരഭ് തിവാരി ഒരു സെന്‍സിബിള്‍ ഇന്നിങ്ങ്‌സിലുടെ ടീമിനെ കരകയറ്റി പുറത്താകുമ്പോഴും പക്ഷെ ടീം അപകടഘട്ടം തരണം ചെയ്തിരുന്നില്ല.

Image

പതിയെ തിരിച്ചു വരുമ്പോഴും മുംബൈയെ അലട്ടുന്നത് വിശ്വസ്തനായ സൂര്യകുമാര്‍ യാദവിന്റെ തുടര്‍ച്ചയായ പരാജയങ്ങളായിരിക്കും .