കളിക്കാന്‍ എത്തുമെന്ന് മോര്‍ഗന്‍, ഉറപ്പില്ലെന്ന് കമ്മിന്‍സ്; കൊല്‍ക്കത്തയ്ക്ക് സന്തോഷവും സങ്കടവും

കോവിഡ് സാഹചര്യത്തില്‍ താത്കാലികമായി നിര്‍ത്തിവച്ച ഐപിഎല്‍ യുഎഇ വേദിയാക്കി പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ്. അതിനിടെ, ചില പ്രധാന വിദേശ താരങ്ങളുടെ പിന്മാറ്റം ടീമുകള്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ്. ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ക്രിക്കറ്റില്‍ നിന്ന് അനിശ്ചിത കാലത്തേക്ക് ഇടവേളയെടുത്തത് രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയാകും. ടൂര്‍ണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കില്ലെന്ന് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് സൂചിപ്പിക്കുന്നു. എന്നാല്‍ ഐപിഎല്ലിന് എത്തുമെന്ന് ഇംഗ്ലീഷ് ബാറ്റ്സ്്മാന്‍ ഇയോണ്‍ മോര്‍ഗന്‍ വ്യക്തമാക്കിയത് നൈറ്റ് റൈഡേഴ്സിന് ആശ്വാസമാണ്.

ജീവിത പങ്കാളി ഗര്‍ഭിണിയാണെന്നതാണ് കമ്മിന്‍സിനെ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. കമ്മിന്‍സിന്റെ പങ്കാളിയുടെ പ്രസവത്തിന്റെ ഡേറ്റ് ഐപിഎല്ലിനിടെ വരും. യാത്രാ വിലക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആ സമയം ഓസ്ട്രേലിയയിലേക്കുള്ള തിരിച്ചുപോക്ക് പ്രയാസകരമാകും. രണ്ടാഴ്ച ക്വാറന്റൈനും വേണ്ടിവരും. യുഎഇയിലെത്തിയാലും ക്വാറന്റൈന്‍ അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ അവിടേക്കുള്ള യാത്ര ഏറെക്കുറെ അസാധ്യമാണെന്ന് കമ്മിന്‍സ് പറഞ്ഞു. എന്നാല്‍ ഐപിഎല്ലിന്റെ കാര്യത്തില്‍ കമ്മിന്‍സ് ഔദ്യോഗിക തീരുമാനം കൈക്കൊണ്ടിട്ടില്ല.

Morgan, Cummins will be available for KKR's IPL 2020 opener: CEO Mysore | Business Standard News

ഐപിഎല്ലില്‍ പങ്കെടുക്കാനുള്ള തീരുമാനം തികച്ചും വ്യക്തിപരമാണെന്ന് മോര്‍ഗന്‍ പറഞ്ഞു. തിരക്കിട്ട സീസണാണ് മുന്നിലുള്ളതെന്നും വിശ്രമംവേണ്ടവര്‍ക്ക് ആകാമെന്നും മോര്‍ഗന്‍ വ്യക്തമാക്കി. ഷെഡ്യൂളിലെ തിരക്കുകാരണം ഐപിഎല്ലിന്റെ രണ്ടാം പാദത്തില്‍ കളിക്കാരെ അയയ്ക്കുന്നതിന് ഇംഗ്ലീഷ് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് താല്‍പര്യം കാട്ടിയിരുന്നില്ല. എന്നാല്‍ പിന്നീട് ഇംഗ്ലീഷ് താരങ്ങള്‍ കളിക്കാനുണ്ടാകുമെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു.