'ധോണിയില്‍ ഇനിയും പ്രതീക്ഷ വെയ്ക്കാനാവില്ല'; തുറന്നടിച്ച് ഗൗതം ഗംഭീര്‍

ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദത്തിലും ധോണി ബാറ്റിംഗില്‍ പ്രയാസപ്പെടുമെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ചെന്നൈയ്ക്ക് ധോണിയില്‍ ഇതി പ്രതീക്ഷ വെയ്ക്കാനാവില്ലെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാതെ വലിയ പ്രകടനം ഐ.പി.എല്ലില്‍ നടത്തുകയെന്നത് പ്രയാസമാണെന്നും ഗംഭീര്‍ പറഞ്ഞു.

‘ധോണിയെ സ്വാഭാവികമായും 4,5 ബാറ്റിംഗ് പൊസിഷനുകളിലാണ് നമ്മള്‍ കൂടുതലായും കണ്ടിട്ടുള്ളത്. എന്നാല്‍ ആദ്യ പാദത്തില്‍ 6,7 സ്ഥാനങ്ങളിലാണ് ധോണി ബാറ്റ് ചെയ്യാനിറങ്ങിയത്. സാം കറാനെ തനിക്ക് മുമ്പ് ഇറക്കിവിടുന്ന അവസ്ഥപോലും ഉണ്ടാവുന്നു. അതിന് പിന്നിലെ കാരണം ഉപദേഷ്ടാവായും വിക്കറ്റ് കീപ്പറായും ടീമിനെ നയിക്കാനുള്ള ശ്രമമാണ്. ഇങ്ങനെ പോയാല്‍ 8,9 പന്തുകള്‍ മാത്രമാവും ധോണിക്ക് കളിക്കാന്‍ അവസരം ലഭിക്കുക.’

‘അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാതെ വലിയ പ്രകടനം ഐ.പി.എല്ലില്‍ നടത്തുകയെന്നത് ധോണിയെ സംബന്ധിച്ച് പ്രയാസം തന്നെയാണ്. ഐ.പി.എല്‍ വളരെ പ്രയാസമുള്ള ടൂര്‍ണമെന്റാണ്. ലോകോത്തര ബോളര്‍മാരെ ഐ.പി.എല്ലില്‍ നേരിടേണ്ടി വരും. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ ചെന്നൈയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ടോപ് ഓഡര്‍ തിളങ്ങണമെന്നതാണ്.കാരണം എംഎസ് ധോണിയില്‍ ഇനി പ്രതീക്ഷവെക്കാനാവില്ല’ ഗൗതം ഗംഭീര്‍ പറഞ്ഞു.

Read more

ഈ മാസം 19 ന് യു.എ.ഇയിലാണ് ഐ.പി.എല്‍ സീസണ്‍ പുനഃരാരംഭിക്കുന്നത്. ചെന്നൈയും മുംബൈയും തമ്മിലാണ് ആദ്യ മത്സരം.