വിന്‍ഡീസിനെ ചാക്കിലാക്കി, ഇനി ഗാംഗുലിയുടെ ലക്ഷ്യം ആ രണ്ട് ടീമുകള്‍

ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദത്തില്‍ വിദേശ താരങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച് ബി.സി.സി.ഐ. വിദേശ താരങ്ങളെ യു.എ.ഇയില്‍ എത്തിക്കാന്‍ സി.പി.എല്‍ നേരത്തെയാക്കിയ ബി.സി.സി.ഐ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും പാട്ടിലാക്കാനുള്ള നീക്കത്തിലാണ്.

ടൂര്‍ണമെന്റില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ബി.സി.സി.ഐ ഇംഗ്ലണ്ട്, ഓസീസ് ക്രിക്കറ്റ് ബോര്‍ഡുകളെ സമീപിക്കാനൊരുങ്ങുകയാണ്. ബി.സി.സി.ഐയുടെ ഈ നീക്കം ഫലം കണ്ടാല്‍ യു.എ.ഇയില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ടൂര്‍ണമെന്റിന്റെ രണ്ടാം ഭാഗം ശോഭകെടാതെ നടത്താനാകും.

ഐ.പി.എല്‍ നടത്തിപ്പിനെ ബാധിക്കാതിരിക്കാന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 ഒരാഴ്ച മുമ്പെങ്കിലും ആരംഭിക്കണമെന്ന ബി.സി.സി.ഐയുടെ ആവശ്യം വെസ്റ്റിന്‍ഡീസ് നേരത്തെ അംഗീകരിച്ചിരുന്നു. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 19 വരെയാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തിയതി പ്രകാരം ടൂര്‍ണ്ണമെന്റ് ഓഗസ്റ്റ് 25ന് ആരംഭിച്ച് സെപ്റ്റംബര്‍ 15ന് അവസാനിക്കും.

Read more

ഐ.പി.എല്ലിന്റെ രണ്ടാം പാദം സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെ നടത്താനാണ് പദ്ധതി. കരീബിയന്‍ പ്രീമിയര്‍ ലീഗ് നിലവില്‍ നിശ്ചയിച്ച പ്രകാരം നടന്നാല്‍ ഐ.പി.എല്‍ കരാറുള്ള താരങ്ങള്‍ക്ക് ഐ.പി.എല്‍ രണ്ടാം പാദത്തിന്റെ തുടക്കം മുതല്‍ കളിക്കാം. സി.പി.എല്‍ അവസാനിക്കുന്നതോടെ അവിടെ നിന്നുള്ള ഐ.പി.എല്‍ താരങ്ങളെ അനായാസം ബബിള്‍ ടു ബബിള്‍ ട്രാന്‍സ്ഫര്‍ നടത്തി യു.എ.ഇ യിലേക്ക് എത്തിക്കാമെന്നാണ് ബി.സി.സി.ഐയുടെ കണക്കുകൂട്ടല്‍.