മന്ദീപ് സിംഗിനു വേണ്ടി ഞങ്ങള്‍ക്ക് ജയിക്കണമായിരുന്നു, അവന്റെ പ്രകടനം മരിച്ച അച്ഛന് സമര്‍പ്പിച്ചത് മനോഹരമായ കാഴ്ച: ക്രിസ് ഗെയ്ല്‍

ഐ.പി.എല്‍ 13ാം സീസണില്‍ പ്ലേഓഫ് സാദ്ധ്യതയിലേക്ക് കുതിച്ചെത്തിയിരിക്കുകയാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ഇന്നലെ കൊല്‍ക്കത്തയ്‌ക്കെതിരായി നടന്ന മത്സരത്തില്‍ ജയിച്ച പഞ്ചാബ് കൊല്‍ക്കത്തയെ മറികടന്ന് നാലാം സ്ഥാനം സ്വന്തമാക്കി. ക്രിസ് ഗെയ്‌ലിന്റെ വരവാണ് പഞ്ചാബിന് പുത്തന്‍ ഊര്‍ജ്ജം പകര്‍ന്നിരിക്കുന്നത്. ഗെയ്ല്‍ ടീമിലെത്തിയ ശേഷം കളിച്ച അഞ്ചില്‍ മത്സരങ്ങളില്‍ അഞ്ചിലും പഞ്ചാബ് ജയിച്ചു. കൊല്‍ക്കത്തയ്‌ക്കെതിരായ വിജയം മന്ദീപ് സിംഗിന് വേണ്ടിയാണെന്ന ഗെയ്ല്‍ പറഞ്ഞു.

“ഈ മത്സരം മന്ദീപ് സിംഗിനു വേണ്ടി ഞങ്ങള്‍ക്ക് വിജയിക്കണമായിരുന്നു. അവന്റെ പ്രകടനം മരിച്ച അച്ഛന് സമര്‍പ്പിച്ചത് മനോഹരമായ കാഴ്ചയായിരുന്നു. മന്ദീപിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനാണ് ഞാന്‍ ശ്രമിച്ചത്. സുനില്‍ നരെയ്നെ പൊലൊരു മികച്ച സ്പിന്നര്‍ അവര്‍ക്കൊപ്പമുണ്ട്. എന്നെ നിരവധി തവണ പുറത്താക്കിയിട്ടുണ്ട് അവന്‍.”

Image

“ടീമിലെ യുവതാരങ്ങള്‍ വിരമിക്കരുതെന്നാണ് എന്നോട് പറയുന്നത്. ടീമിനെ കുറിച്ചും എന്നെ കുറിച്ചും പോസിറ്റീവായി മാത്രമാണ് തോന്നുന്നത്. ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. ഞങ്ങള്‍ക്ക് മികച്ച സ്പിന്നര്‍മാരുണ്ട്. അതിനാല്‍ത്തന്നെ ബൗളിംഗ് നിരക്ക് അത് കൂടുതല്‍ ശക്തി നല്‍കുന്നു.” ഗെയ്ല്‍ പറഞ്ഞു.

Image

ഏറെനാളായി അസുഖബാധിതനായിരുന്ന മന്ദീപിന്റെ പിതാവ് ഹര്‍ദേവ് സിംഗ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരെ ഗെയ്ല്‍ 29 പന്തില്‍ 51 റണ്‍സും മന്ദീപ് 56 പന്തില്‍ 66* റണ്‍സും നേടി. ജയത്തോടെ പഞ്ചാബ്, കൊല്‍ക്കത്തയെ മറികടന്ന് പോയിന്റ പട്ടികയില്‍ ആദ്യ നാലിലെത്തി.