നായകസ്ഥാനം ഒഴിയാനുള്ള കാരണം പറഞ്ഞ് കാര്‍ത്തിക്; എന്നാല്‍ ഇന്നലെ സംഭവിച്ചതോ!

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ അതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് ഐ.പി.എല്‍ ലോകത്ത് ഇപ്പോള്‍ ചൂടു പിടിക്കുന്നത്. നായകസ്ഥാനം ഇയാന്‍ മോര്‍ഗന് കൈമാറണമെന്ന ആവശ്യം സീസണിന്റെ ആരംഭത്തിലേ ഉണ്ടായിരുന്നെങ്കിലും ഈ സമയത്ത് ഈ തലമാറ്റം വേണമായിരുന്നോ എന്നാണ് മുന്‍ ഇന്ത്യന്‍താരങ്ങടക്കം ചോദിക്കുന്നത്.

ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ടീമിനു വേണ്ടി മികച്ച പ്രകടനം നടത്താനുമാണ് താന്‍ ക്യാപ്റ്റന്‍സി ഒഴിയുന്നതെന്നാണ് കാര്‍ത്തിക് നല്‍കിയ വിശദ്ധീകരണം. എന്നാല്‍ ഇന്നലത്തെ മത്സരത്തില്‍ ഈ തീരുമാനത്തിനൊത്ത പ്രകടനം കാര്‍ത്തികിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല താനും. വെറും നാല് റണ്‍സാണ് മുംബൈയ്‌ക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ കാര്‍ത്തികിന് നേടാനായത്.

കാര്‍ത്തിക് മാറി ആസ്ഥാനത്ത് മോര്‍ഗന്‍ എത്തിയിട്ടും കൊല്‍ത്തയ്ക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ക്യാപ്റ്റന്‍ സ്ഥാനമാറ്റം നടന്നതെന്ന് പറഞ്ഞ് ഇതിനെ ന്യായീകരിക്കാമെങ്കിലും സ്ഥിരതയാര്‍ന്ന ബാറ്റിംഗ് പ്രകടനം താരങ്ങള്‍ പുറത്തെടുക്കാത്തിടത്തോളം കൊല്‍ക്കത്തയ്ക്ക് കാര്യങ്ങളൊട്ടും എളുപ്പമാകില്ല.

Image

ഇന്നലെ കൊല്‍ക്കത്തയ്‌ക്കെതിരെ എട്ടുവിക്കറ്റിന്റെ അനായാസ ജയമാണ് മുംബൈ ആഘോഷിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 16.5 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ മറികടന്നു. ക്വിന്റന്‍ ഡി കോക്കും (പുറത്താകാതെ 78 റണ്‍സ്) രോഹിത് ശര്‍മയും (35) ചേര്‍ന്ന് ഉയര്‍ത്തിയ 94 റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ടാണ് മുംബൈയുടെ വിജയം ഉറപ്പിച്ചത്. കൊല്‍ക്കത്തന്‍ നിരയില്‍ മോര്‍ഗനും (39) പാറ്റ് കമ്മിന്‍സും (53) മാത്രമാണ് തിളങ്ങിയത്.