ഐ.പി.എല്ലില്‍ 'ടൈ സണ്‍ഡേ'; രണ്ട് മത്സരത്തില്‍ പിറന്നത് മൂന്ന് സൂപ്പര്‍ ഓവര്‍!

ഏറെ സംഭവബഹുലമായിരുന്നു ഇന്നലത്തെ ഐ.പി.എല്‍ മത്സരങ്ങള്‍. രണ്ട് മത്സരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടമായപ്പോള്‍ വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവറും ഇരട്ട സൂപ്പര്‍ ഓവര്‍ വരെ ആവശ്യമായി വന്നു. ക്രിക്കറ്റ് പ്രേമികള്‍ക്ക് അപൂര്‍വ്വമായി വീണു കിട്ടിയ സൂപ്പര്‍ സണ്‍ഡേ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലായിരുന്നു ഇന്നലത്തെ ആദ്യ മത്സരം. അബുദാബിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 163 റണ്‍സെടുത്തു. 164 റണ്‍സ് വിജയലക്ഷ്യം കണ്ടിറങ്ങിയ ഹൈദരാബാദിന്റെയും പോരാട്ടം 163 ല്‍ അവസാനിച്ചു. ഇതോടെയാണ് വിജയികളെ കണ്ടെത്താന്‍ കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദാണ്. എന്നാല്‍ ലോക്കി ഫെര്‍ഗൂസന്റെ തീ തുപ്പുന്ന പന്തുകള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഹൈദരാബാദിന് ആയില്ല. സൂപ്പര്‍ ഓവറിലെ ആദ്യ ബോളില്‍ തന്നെ വാര്‍ണറെ മടക്കിയ ഫെര്‍ഗൂസന്‍ രണ്ട് റണ്‍സ് വഴങ്ങി മൂന്നാമത്തെ ബോളില്‍ രണ്ടാമത്തെ വിക്കറ്റും പിഴുതു. സണ്‍റൈസേഴ്സ് മൂന്ന് റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത അനായാസം മറികടന്നു. ഫെര്‍ഗൂസന്‍ 17 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റാണ് വീഴ്ത്തിയത്.

ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ മത്സരത്തിനാണ് മുംബൈ- പഞ്ചാബ് പോരാട്ടത്തിലൂടെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ആദ്യ സൂപ്പര്‍ ഓവറില്‍ പഞ്ചാബ് ഉയര്‍ത്തിയ ആറു റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് അഞ്ചു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മുംബൈയ്ക്കായി ഭുംറ എറിഞ്ഞപ്പോള്‍ ഷമിയാണ് മുംബൈയെ വിജയറണ്‍ തൊടിയിക്കാതെ പിടിച്ചു കെട്ടിയത്. രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ക്രിസ് ഗെയിലു മായങ്ക് അഗര്‍വാളും ചേര്‍ന്ന് മറികടക്കുകയായിരുന്നു.