അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍, ഐ.പി.എല്‍ സമയക്രമം പ്രഖ്യാപിച്ചു, ക്രിക്കറ്റ് ലോകം ആവേശത്തില്‍

പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കുളള സമയക്രമം പ്രഖ്യാപിച്ചു. ഏറെ പുതുമകളോടെ ഒരുങ്ങുന്ന സീസണ് ഈ വര്‍ഷം മാര്‍ച്ച് 29-ന് തുടക്കമാവും. മെയ് 24-ന് മുംബൈയിലായിരിക്കും ഫൈനല്‍. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഐപിഎല്‍ ഭരണസമിതി യോഗമാണ് തീയതികള്‍ സംബന്ധിച്ച തീരുമാനമെടുത്തത്.

മത്സരത്തിന്റെ സമയത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ സീസണിലും എട്ടു മണിക്ക് തന്നെയായിരിക്കും മത്സരങ്ങള്‍ തുടങ്ങുക. അഞ്ച് മത്സരങ്ങള്‍ മാത്രമായിരിക്കും വൈകിട്ട് നാലു മണിക്ക് തുടങ്ങുക. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടും നോ ബോള്‍ നിയമവുമായിരിക്കും ഇത്തവണത്തെ ഐപിഎല്ലിലെ പുതുമകള്‍.

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിനായി ഐപിഎല്ലിന് മുന്നോടിയായി ലോകോത്തര താരങ്ങളെ പങ്കെടുപ്പിച്ച് ഐപിഎല്‍ ഓള്‍ സ്റ്റാര്‍സ് ടൂര്‍ണമെന്റ് നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. ഐപിഎല്‍ ഉദ്ഘാടന മത്സരത്തിന് മൂന്ന് ദിവസം മുമ്പായിരിക്കും ഈ മത്സരം.

മത്സരങ്ങള്‍ അര മണിക്കൂര്‍ നേരത്തെയാക്കണമെന്ന് മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സീസണിലും സമയക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്ന് യോഗത്തിനു ശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി.