'ഇതെല്ലാം വെറുമൊരു കളി മാത്രം... എന്നും നിങ്ങള്‍ സൂപ്പര്‍ കിംഗ്‌സ്'; ചെന്നൈയുടെ പുറത്താകലില്‍ കവിതയുമായി സാക്ഷി ധോണി

ഐ.പി.എല്ലില്‍ നിന്ന് ചരിത്രത്തില്‍ ആദ്യമായി എം.എസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ ആശ്വാസത്തിന്റെ വാക്കുകള്‍ കവിതയാക്കി ധോണിയുടെ ഭാര്യ സാക്ഷി. സോഷ്യല്‍ മീഡിയയിലൂടെയാണ് ചെന്നൈയുടെ പോരാളികള്‍ എക്കാലവും “സൂപ്പര്‍ കിംഗ്സ്” ആയിരിക്കുമെന്ന് വ്യക്തമാക്കിയുള്ള കവിത സാക്ഷി പങ്കുവെച്ചത്.

സാക്ഷിയുടെ കവിത… (ഏകദേശ പരിഭാഷ)

ഇത് വെറും കളി മാത്രം…

ചിലപ്പോള്‍ ജയിക്കും മറ്റു ചിലപ്പോള്‍ തോല്‍ക്കും

കടന്നുപോയ വര്‍ഷങ്ങള്‍ക്കിടെ ആവേശ കൊടുമുടിയേറ്റിയ വിജയങ്ങള്‍ എത്രയോ…

അപൂര്‍വമെങ്കിലും കുത്തിനോവിച്ച തോല്‍വികളും!

ഒന്ന് ആഘോഷിക്കാനുള്ളതെങ്കില്‍ രണ്ടാമത്തേത് ഹൃദയം തകര്‍ക്കുന്നത്

ചിലപ്പോള്‍ യുക്തിസഹജമായ പ്രതികരണം, ചിലപ്പോള്‍ അല്ലാതെയും…

ചിലര്‍ ജയിക്കും, ചിലര്‍ തോല്‍ക്കും, മറ്റുള്ളവര്‍ക്ക് നഷ്ടബോധം… ഇത് വെറുമൊരു കളി മാത്രം

ഒട്ടേറെ അഭിപ്രായക്കാര്‍, വ്യത്യസ്ത പ്രതികരണങ്ങള്‍…

വികാരങ്ങള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ തകര്‍ക്കാതിരിക്കട്ടെ.. ഇതൊരു കളി മാത്രമാണ്…

തോല്‍ക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല, എല്ലാവര്‍ക്കും ജയിക്കാനുമാകില്ല

തോറ്റ് സ്തബ്ധരാകുമ്പോള്‍ കളത്തില്‍ നിന്നുള്ള മടക്കം സുദീര്‍ഘമെന്ന് തോന്നും

ആഘോഷശബ്ദങ്ങളും നിശ്വാസങ്ങളും വേദന കൂട്ടും, പിടിച്ചുനില്‍ക്കാന്‍ തുണ ഉള്‍ക്കരുത്ത് മാത്രം.. ഇതെല്ലാം വെറുമൊരു കളി മാത്രം

നിങ്ങള്‍ മുമ്പേ വിജയികളാണ്, ഇപ്പോഴും വിജയികള്‍ തന്നെ!

പോരാളികള്‍ പൊരുതാന്‍ ജനിച്ചവരാണ്, അവര്‍ നമ്മുടെ ഹൃദയങ്ങളിലും മനസ്സിലും എന്നും സൂപ്പര്‍ കിംഗ്‌സ് തന്നെ!

സാക്ഷി എസ്.ഡി. (25.10.2020)

IPL 2020: 5 Reasons why Chennai Super Kings (CSK) can

Read more

നിലവില്‍ 12 മത്സരങ്ങളില്‍നിന്ന് നാലു വിജയങ്ങള്‍ മാത്രമുള്ള ചെന്നൈ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ജയിച്ചാലും ചെന്നൈയ്ക്ക് മുന്നേറാനാവില്ല. കൊല്‍ക്കത്ത, പഞ്ചാബ് എന്നിവര്‍ക്കെതിരെയാണ് ചെന്നൈയുടെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍. ഈ രണ്ട് ടീമുകള്‍ക്കും പ്ലേ ഓഫിലെത്താന്‍ ജയം അനിവാര്യമാണ്.