ബൗളര്‍മാര്‍ കരുത്തു കാട്ടി; ജയത്തോടെ തുടങ്ങി ബാംഗ്ലൂര്‍

ഐ.പി.എല്‍ 13ാം സീസണിലെ മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 10 റണ്‍സ് ജയം. ബാംഗ്ലൂര്‍ മുന്നോട്ടുവെച്ച 164 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദ് 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി. ബാംഗ്ലൂരിനായി യുസ്വേന്ദ്ര ചഹല്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഹൈദരാബാദിനായി ജോണി ബെയര്‍‌സ്റ്റോ 43 ബോളില്‍ 61 റണ്‍സ് നേടി. 6 ഫോറും 2 സിക്‌സുമടങ്ങുന്നതായിരുന്നു ബെയര്‍‌സ്റ്റോയുടെ ഇന്നിംഗ്‌സ്. മനീഷ് പാണ്ഡെ 33 ബോളില്‍ 34 റണ്‍സെടുത്തു. വാര്‍ണര്‍ ആറ് റണ്‍സില്‍ റണ്ണൗട്ടായി മടങ്ങിയപ്പോള്‍ വിജയ് ശഹ്കര്‍ ഗോള്‍ഡന്‍ ഡക്കായി. റോയല്‍ ചലഞ്ചേഴ്‌സിനായി നവദീപ് സെയ്നി  ശിവം ദുബെ എന്നിവര്‍ രണ്ടും ഡെയ്ല്‍ സ്റ്റെയ്ന്‍ ഒരു വിക്കറ്റും നേടി. ഉമേഷ് യാദവ് മാത്രമാണ് ബൗളിംഗില്‍ നിറം മങ്ങിയത്. നാല് ഓവറില്‍ 48 റണ്‍സാണ് താരം വഴങ്ങിയത്.

Image

നേരത്തെ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും എബി ഡിവില്ലിയേഴ്‌സിന്റെയും അര്‍ദ്ധ സെഞ്ച്വറി മികവിലാണ് ബാംഗ്ലൂര്‍ 163 റണ്‍സ് നേടിയത്. ദേവ്ദത്ത് 42 ബോളില്‍ എട്ട് ഫോറുകളുടെ അകമ്പടിയില്‍ 56 റണ്‍സ് നേടി. ഡിവില്ലിയേഴ്‌സ് 30 ബോളില്‍ 2 സിക്‌സിന്റെയും 4 ഫോറിന്റെയും അകമ്പടിയില്‍ 51 റണ്‍സെടുത്തു.

Image

ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനിറങ്ങിയ ബാംഗ്ലൂരിനായി ഓപ്പണിംഗ് വിക്കറ്റില്‍ ദേവ്ദത്ത്-ഫിഞ്ച് സഖ്യം 90 റണ്‍സ് നേടി. ഫിഞ്ച് 29 റണ്‍സെടുത്ത് പുറത്തായി. കോഹ്‌ലിയ്ക്ക് 13 ബോളില്‍ നിന്ന് 14 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Image

Read more

ഹൈദരാബാദിനായി വിജയ് ശങ്കര്‍, ടി നടരാജന്‍, അഭിഷേക് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. കാലിന് പരിക്കേറ്റ മിച്ചല്‍ മാര്‍ഷ് മടങ്ങിയത് ഹൈദരാബാദിന് തിരിച്ചടിയായി. കാലിലിന് പരിക്കേറ്റ മാര്‍ഷ് ഓവര്‍ പൂര്‍ത്തിയാക്കാതെയാണ് മടങ്ങിയത്.