അത്ഭുതം അടക്കാനാകാതെ പരാഗ്, തലയില്‍ കൈവെച്ച് ത്യാഗി; ആര്‍ച്ചറിന്റെ ക്യാച്ചില്‍ ഞെട്ടി സഹതാരങ്ങള്‍- വീഡിയോ

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മിന്നും ജയവുമായി പ്ലേഓഫ് സാദ്ധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ 8 വിക്കറ്റിനാണ് ചാമ്പ്യന്മാരെ രാജസ്ഥാന്‍ തകര്‍ത്തെറിഞ്ഞത്. കളിച്ചവരെയും മത്സരം കണ്ടിരുന്നവരെയെല്ലാം ഒരു പോലെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു രാജസ്ഥാൻ താരം ആര്‍ച്ചറിന്റെ മാസ്മരിക ക്യാച്ച്.

മുംബൈ ഇന്നിoഗ് സിലെ  11ാം ഓവറിലായിരുന്നു ആര്‍ച്ചറിന്റെ മാസ്മരിക ക്യാച്ച് പിറന്നത്. കാര്‍ത്തിക് ത്യാഗി എറിഞ്ഞ ഈ ഓവറിലെ നാലാം പന്ത് സിക്‌സര്‍ പറത്താനുള്ള ഇഷാന്‍ കിഷന്റെ ശ്രമമാണ് ആര്‍ച്ചറിന്റെ മിന്നും ക്യാച്ചിലൂടെ വിഫലമായത്. ഉയര്‍ന്നുവന്ന പന്ത് കണക്കാക്കി നിലയുറപ്പിച്ച താരത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ബൗണ്ടറി ലൈനിലേക്കു നീങ്ങിയ പന്തിനെ ഉയര്‍ന്നുചാടി അന്തരീക്ഷത്തില്‍ അല്‍പം പിന്നിലേക്ക് വളഞ്ഞ് ഒറ്റക്കയ്യില്‍ ആര്‍ച്ചര്‍ കീഴടക്കുകയായിരുന്നു.

ആര്‍ച്ചര്‍ ക്യാച്ചെടുക്കുമ്പോള്‍ സഹതാരങ്ങള്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കുകയായിരുന്നു. ഫീല്‍ഡിന്റെ മറ്റൊരറ്റത്ത് വിസ്മയത്തോടെ റിയാന്‍ പരാഗ് വാ പൊത്തിയപ്പോള്‍ പന്തെറിഞ്ഞ കാര്‍ത്തിക് ത്യാഗി അവിശ്വസനീയതയോടെ തലയില്‍ കൈവെച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാായി കഴിഞ്ഞു.

സീസണിലെ മികച്ച ക്യാച്ച്കളുടെ ഗണത്തിലേക്ക് ആര്‍ച്ചറിന്റെ ഈ ക്യാച്ചും ചേര്‍ത്തുവെയ്ക്കാം. മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. ഐ.പി.എല്ലില്‍ തന്റെ രണ്ടാം സെഞ്ചുറി കുറിച്ച സ്റ്റോക്‌സ്, 60 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെ നിന്നു. സഞ്ജു സാംസണ്‍ 31 പന്തില്‍ 54 റണ്‍സെടുത്ത് സ്റ്റോക്‌സിനൊപ്പം വിജയത്തില്‍ പങ്കാളിയായി.