ഒടുവില്‍ ഐപിഎല്‍ വരുന്നു, ക്രിക്കറ്റ് ലോകത്തിന് സന്തോഷ വാര്‍ത്ത

ലോക്ഡൗണില്‍ സ്തംഭിച്ച് നില്‍ക്കുന്ന കായിമ ലോകത്തിന് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നാലാം ഘട്ട ലോക്ക്ഡൗണില്‍ സ്റ്റേഡിയങ്ങളും സ്പോര്‍ട്സ് കോംപ്ലക്സുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കാണികളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല.

ഇളവ് വന്നതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തിനും വഴിയൊരുങ്ങിയിരിക്കുകയാണിപ്പോള്‍. കോവിഡ് 19നെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് മാര്‍ച്ച് 29ന് തുടങ്ങേണ്ട ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിയത്.

ഐപിഎല്‍ നടക്കാതിരുന്നാല്‍ അത് നടത്തിപ്പുകാര്‍ക്ക് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഐപിഎല്‍ നടക്കാതെ വന്നാല്‍ ഏകദേശം 4000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അത് ഭീകരമാണെന്നുമായിരുന്നു ഗാംഗുലി വ്യക്തമാക്കിയത്.

അതേസമയം, ലീഗ് നടന്നാല്‍ പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്നങ്ങള്‍ മാത്രമേയുള്ളൂവെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു. എങ്ങനെയും ടൂര്‍ണമെന്റ് നടത്താനുള്ള സാധ്യതകള്‍ തേടുന്ന ബിസിസിഐക്ക് പുതിയ ഇളവ് കാര്യങ്ങള്‍ അനൂകലമാക്കാനുള്ള അവസരമാണ് തുറന്നിട്ടിരിക്കുന്നത്.