അഗര്‍വാളിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; സൂപ്പര്‍ ഓവറിലൂടെ ജയം പിടിച്ചു വാങ്ങി ഡല്‍ഹി

ഐ.പി.എല്‍ 13ാം സീസണിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തോല്‍വി. സൂപ്പര്‍ ഓവറിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ഡല്‍ഹി മുന്നോട്ടു വെച്ച 158 റണ്‍സിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടാനേ സാധിച്ചുള്ളു. ഇതോടെയാണ് കളി സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി രണ്ട് റണ്‍സ് നേടാനെ സാധിച്ചുള്ളു. സൂപ്പര്‍ ഓവറിലെ രണ്ടാം പന്തില്‍ കെ.എല്‍. രാഹുലിനെയും മൂന്നാം പന്തില്‍ നിക്കോളാസ് പുരാനെയും പുറത്താക്കി റബാദയാണ് ഡല്‍ഹിയുടെ വിജയം ഉറപ്പിച്ചത്. മൂന്ന് റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി മൂന്ന് ബോളില്‍ ലക്ഷ്യം കണ്ടു. ഷമിയായിരുന്നു ബോളര്‍.

മായങ്ക് അഗര്‍വാളിന്റെ ഒറ്റയാള്‍ പോരാട്ടമാണ് പഞ്ചാബിന് സമനില പിടിക്കാന്‍ സഹായകമായത്. അഗര്‍വാള്‍ 60 ബോളില്‍ 89 റണ്‍സ് നേടി. കെ.എല്‍ രാഹുല്‍ (21) കൃഷ്ണപ്പ ഗൗതം (20) എന്നിവരാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയ മറ്റുള്ളവര്‍. പഞ്ചാബ് ഏറെ പ്രതീക്ഷ വെച്ചിരുന്ന മാക്‌സ്‌വെല്‍ (1) നിരാശപ്പെടുത്തി.

Image

രണ്ട് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി അശ്വിന്‍ ഡല്‍ഹി പ്രവേശം ആഘോഷമാക്കി. ഒരേ ഓവറില്‍ കരുണ്‍ നായരെയും നിക്കോളാസ് പുരാനെയും പുറത്താക്കിയ അശ്വിന്‍ കൈമുട്ടിന് പരിക്കേറ്റതു മൂലം കളിയില്‍ നിന്ന് പിന്മാറി. മത്സരത്തില്‍ ഒരോവര്‍ മാത്രമാണ് എറിയാനായതെങ്കിലും കളിയുടെ ഗതി തന്നെ മാറ്റിക്കുറിച്ചാണ് അശ്വിന്‍ മൈതാനം വിട്ടത്. കഴിഞ്ഞ സീസണില്‍ പഞ്ചാബിനെ നയിച്ചത് അശ്വനായിരുന്നു. റബാഡ രണ്ട് വിക്കറ്റും മോഹിത് ശര്‍മ്മ, അക്സര്‍ പട്ടേല്‍, സ്റ്റോയ്നിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 157 റണ്‍സ് നേടിയത്. ഒരുഘട്ടത്തില്‍ 13 ന് മൂന്ന് എന്ന നിലയില്‍ പതറിയ ഡല്‍ഹിയെ ശ്രേയസ്- പന്ത് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 73 റണ്‍സാണ് അടിച്ചു കൂട്ടിയത്. പന്തിനെ വീഴ്ത്തി രവി ബിഷ്ണോയ്ക്കാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പന്ത് 29 ബോളില്‍ 31 റണ്‍സ് നേടി. പിന്നാലെ 32 ബോളില്‍ 39 റണ്‍സുമായി അയ്യരും മടങ്ങി. ഷമിയ്ക്കായിരുന്നു വിക്കറ്റ്.

Image

അവസാന ഓവറുകളില്‍ കൂറ്റനടികളുമായി മാര്‍ക്കസ് സ്റ്റോയ്നിസാണ് ഡല്‍ഹിയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 21 ബോളില്‍ നിന്ന് സ്റ്റോയ്നിസ് 7 ഫോറിന്റെയും 3 സിക്‌സിന്റെയും അകമ്പടിയില്‍ 53 റണ്‍സ് നേടി. പഞ്ചാബിനായി ഷമി നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി. ഷല്‍ഡണ്‍ കോട്രല്‍ രണ്ട് വിക്കറ്റും രവി ബിഷ്ണോയ് ഒരു വിക്കറ്റും നേടി.