ഡല്‍ഹി-പഞ്ചാബ് പോരാട്ടം; ഒരുപിടി റെക്കോഡുകള്‍ പിറന്നേക്കാം

ഐ.പി.എല്‍ 13ാം സീസണിലെ രണ്ടാം മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് മത്സരം. ഒരുപിടി റെക്കോഡുകള്‍ പിറന്നേക്കാവുന്ന മത്സരം കൂടിയാണിത്. അതിനായി ഒന്നിലേറെ താരങ്ങളാണ് കാത്തിരിക്കുന്നത്.

ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന് ഐ.പി.എല്ലില്‍ 100 സിക്സര്‍ പൂര്‍ത്തിയാക്കാന്‍ ഇനി നാല് സിക്സ് കൂടി മതി. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഇടം കൈയന്‍ ബാറ്റ്സ്മാനെന്ന റെക്കോഡാണ് ധവാനെ കാത്തിരിക്കുന്നത്. സുരേഷ് റെയ്ന (194),യുവരാജ് സിങ് (149) എന്നിവരാണ് ധവാന് മുന്നിലുള്ളത്. ആറ് സിക്സുകള്‍ നേടിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി 100 സിക്സ് നേടുന്ന ആദ്യ താരമെന്ന ബഹുമതി റിഷഭ് പന്തിന്റെ പേരിലാകും.

Image

സീനിയര്‍ താരം അമിത് മിശ്രയ്ക്ക് ഡല്‍ഹിക്കുവേണ്ടി 100 ഐ.പി.എല്‍ വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ വേണ്ടത് വെറും 3 വിക്കറ്റ് മാത്രം. ഡല്‍ഹിക്കുവേണ്ടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ബൗളറെന്ന ബഹുമതിയാണ് മിശ്രയെ കാത്തിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് വിട്ട് ഡല്‍ഹിയിലെത്തിയ അജിന്‍ക്യ രഹാനെയ്ക്ക് ഐ.പി.എല്ലില്‍ 5000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടാന്‍ വെറും 12 റണ്‍സ് കൂടി എടുത്താല്‍ മതി. ഒരു ക്യാച്ച് കൂടി നേടിയാല്‍ ഡല്‍ഹിക്കുവേണ്ടി ഏറ്റവും കൂടുതല്‍ ക്യാച്ച് നേടിയ താരമെന്ന ബഹുമതി ശ്രേയസ് അയ്യര്‍ക്ക് (23 ക്യാച്ച്) സ്വന്തമാകും.

Image

പഞ്ചാഹ് നായകന്‍ കെ.എല്‍ രാഹുലിന് 23 റണ്‍സ് കൂടി നേടിയാല്‍ 2000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടാം. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ലിന് 16 റണ്‍സ് കൂടി നേടിയാല്‍ ഐ.പി.എല്ലില്‍ 4500 റണ്‍സ് പൂര്‍ത്തിയാക്കാം. ബാറ്റ്സ്മാന്‍മാരെ നന്നായി പിന്തുണയ്ക്കുന്ന മൈതാനമാണ് ദുബായിലേത്. ഇവിടെ നടന്ന ടി20 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത് പല ടീമും 200ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടുണ്ട്. അതിനാല്‍ തന്നെ നല്ലൊരു ബാറ്റിംഗ് പ്രകടനം ഇന്നത്തെ കളിയില്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.