'എണ്ണല്‍ നിര്‍ത്തൂ'; ട്രംപിന്റെ ട്വീറ്റ് കടമെടുത്ത് ഡല്‍ഹിയുടെ സെല്‍ഫ് ട്രോള്‍

ഐ.പി.എല്ലില്‍ അനായാസം ഫൈനലില്‍ പ്രവേശിക്കാനുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റ പുറപ്പാട് തീരെ ഫലം കണ്ടില്ല. ഭുംറയും ബോള്‍ട്ടും ചേര്‍ന്ന് ഡല്‍ഹിയെ ചുരുട്ടിക്കെട്ടുന്ന കാഴ്ചയാണ് ഇന്നലെ ദുബായില്‍ കാണാനായത്. ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ ബാറ്റ് ചെയ്യാന്‍ മറന്നപ്പോള്‍ മുംബൈ അനായാസം ഫൈനലില്‍ പ്രവേശിച്ചു.

201 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയ്ക്ക് അക്കൗണ്ട് തുറക്കും മുമ്പേ മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ എന്നിവരാണ് ആദ്യ എട്ടു പന്തിനുള്ളില്‍ സംപൂജ്യരായി പലവിയനിലെത്തിയത്. പിന്നാലെ അതിവേഗം തന്നെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (12) പവനിയിലെത്തി. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വ്യത്യസ്തമായ ട്വീറ്റും പ്രത്യക്ഷപ്പെട്ടു.

വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ച “എണ്ണല്‍ നിര്‍ത്തൂ” എന്ന വാചകം കടമെടുത്തായിരുന്നു ഡല്‍ഹിയുടെ ട്വീറ്റ്. വിക്കറ്റിന്റെ എണ്ണം അപ്‌ഡേറ്റ് ചെയ്യുന്ന ആളോട് എണ്ണല്‍ നിര്‍ത്തൂ എന്ന് ആവശ്യപ്പെട്ടുള്ള സെല്‍ഫ് ട്രോളാണ് ഡല്‍ഹി പങ്കുവെച്ചത്.

IPL 2020: Delhi Capitals Epic Self-Troll After 20 For 4 Using Donald Trumps Tweet

Read more

ഇന്നലെ നടന്ന ആദ്യ ക്വാളിഫെയര്‍ മത്സരത്തില്‍ 57 റണ്‍സിനാണ് മുംബൈ ഡല്‍ഹിയെ പരാജയപ്പെടുത്തിയത്. 201 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ 143 അവസാനിച്ചു. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ സഹിതം 14 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭുംറയാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. ബോള്‍ട്ട് രണ്ട് ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ സഹിതം ഒന്‍പത് റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും, ക്രുണാല്‍ പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.